അപകടത്തിൽ മറഞ്ഞ ഓട്ടോയിൽ നിന്ന് പുകയുയരുന്നു.
തുറവൂർ: ദേശീയ പാതയിൽ യു ടേൺ എടുക്കവേ സ്കൂട്ടർ ഇടിച്ച് ഓട്ടോ മറിഞ്ഞു നാലുപേർക്കു പരിക്കേറ്റു. ഓട്ടോ ഡ്രൈവർ വളയംഗലം എസ്എൻജിഎം സ്കൂളിനു സമീപത്തെ താമസക്കാരനായ ഓമനക്കുട്ടൻ (55), ഓട്ടോയിലെ യാത്രക്കാരൻ പൊൻവേലിക്കോളനിയിൽ രഘു (54), സ്കൂട്ടർ യാത്രികരായ മറ്റു രണ്ടു പേരുമാണ് പരിക്കേറ്റ് തുറവൂർ ഗവ. ആശുപത്രിയിൽ ചികിത്സതേടിയത്. വിഷു ദിനത്തിൽ രാവിലെ 10.20ന് തുറവൂർ ബസ് സ്റ്റോപ്പിനു സമീപമായിരുന്നു അപകടം.
തുറവൂർ കവലയിൽ നിന്ന് തെക്കോട്ടു വന്ന് യു ടേൺ എടുക്കവേ പിന്നാലെയെത്തിയ സ്കൂട്ടർ ഇടിക്കുകയായിയിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ തലകീഴായി മറിഞ്ഞു. ഓട്ടോയിൽനിന്ന് ഏറെനേരം പുക ഉയർന്നത് പരിഭ്രാന്തി പരത്തി. തുറവൂരിലെ ഡ്രൈവർമാരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അതുവഴി കടന്നുപോയ പോലീസ് കൺട്രോൾ റൂം വാഹനത്തിലാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ഏറെനേരം ഗതാഗതവും തടസപ്പെട്ടു.
Tags : Four injured nattuvishesham local news