വിഴിഞ്ഞം: ഓസ്ട്രേലിയയിൽ ജോലി വാങ്ങിനൽകാമെന്നു വാഗ്ദാനം ചെയ്ത് സ്ത്രീകളിൽനിന്ന് 21 ലക്ഷം കൈപ്പറ്റിയശേഷം കബളിപ്പിച്ച പരാതിയിൽ രണ്ടുപേരെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു.
തൃശൂർ ചാലക്കുടി മുരിങ്ങൂർ തെക്കുമുറി കോനൂർ നാലുകെട്ടിൽ കടവിള വീട്ടിൽ ഷഫീഖ് (49), മലപ്പുറം നിലമ്പൂർ പാടികുളത്തുംപടി വീട്ടിൽ സപ്ന (32) എന്നിവരാണ് അറസ്റ്റിലായത്. വിഴിഞ്ഞം സ്വദേശികളായ മേരി ഗ്ലാൻസ്, അജിത എന്നിവരെയാണ് സംഘം പറ്റിപ്പിനിരയാക്കിയത്. ഒരു ഇടനിലക്കാരൻ മുഖാന്തിരമാണ് യുവതികൾ പ്രതികളുമായി ബന്ധപ്പെടുന്നത്. നിരവധി പേരെ ഓസ്ട്രേലിയയിലേക്ക് കയറ്റി അയച്ചിട്ടുണ്ടെന്നു പറഞ്ഞുവിശ്വസിച്ച ഷഫീഖും സപ്നയും ചേർന്ന് ഇക്കഴിഞ്ഞ ഏപ്രിലിൽ 21 ലക്ഷം കൈക്കലാക്കിയെന്നാണ് പരാതി. പറഞ്ഞ അവധികളെല്ലാം കഴിഞ്ഞതോടെ തട്ടിപ്പുമനസിലാക്കിയ യുവതികൾ വിഴിഞ്ഞം പൊലിസിൽ പരാതി നൽകി. നിരവധി തട്ടിപ്പുകേസുകളിലെ പ്രതികളാണ് ഇരുരെന്നും വിഴിഞ്ഞം പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.