220 പേർ ഇരിക്കണമെന്ന് റെയിൽവേ നിർദേശിക്കുന്ന കോച്ചിലെ ലഗേജ് റാക്ക്.
ഏറ്റുമാനൂർ: വേണാട് എക്സ്പ്രസിലെ തിരക്ക് പരിഹരിക്കാനായി ട്രെയിനിലെ പരമ്പരാഗത കോച്ചുകൾക്ക് പകരം 220 സീറ്റുള്ള കോച്ചുകൾ അനുവദിച്ചെന്നത് തെറ്റായ പ്രചരണമാണെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ്. 108 സീറ്റ് ഉണ്ടായിരുന്ന കോച്ചിന് പകരം ഇപ്പോൾ നൽകിയിരിക്കുന്നത് 100 സീറ്റുകളുള്ള ദീൻ ദയാൽ കോച്ചുകളാണ്. കൂടുതൽ വായു സഞ്ചാരവും മധ്യഭാഗത്തുള്ള അധിക ഡോറുകളും യാത്രക്കാർക്ക് വേഗത്തിൽ പ്രവേശിക്കാനും ഇറങ്ങാനും സൗകര്യമാകുമെന്നതു മാത്രമാണ് നേട്ടമാകുന്നത്.
എന്നാൽ, മാധ്യമങ്ങളിലൂടെ റെയിൽവേ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് ജനറൽ സെക്രട്ടറി ലിയോൺസ് ആരോപിച്ചു. അഞ്ച് അടിയിലേറെ ഉയരമുള്ള ലഗേജ് റാക്കിൽ ഒരു കൂപ്പയിൽ പത്തുപേർ വീതം മുകളിൽ കയറി ഇരിക്കണമെന്നാണ് ഇതിലൂടെ പ്രഖ്യാപിച്ചത്. എന്നാൽ, സാധാരണ സ്ലീപ്പർ കോച്ചിൽ ഉള്ളതുപോലെ ഇത്രയും ഉയരത്തിൽ കയറിപ്പറ്റാൻ ചവിട്ടുപടികൾ ഈ കോച്ചിൽ ഇല്ല. ലാഗേജ് വയ്ക്കാൻ മാത്രമായി രൂപകല്പന ചെയ്തിരിക്കുന്ന ഇതിനു മുകളിൽ കയറുകയെന്നത് ദുഷ്കരമാണ്. പുതിയ കോച്ചിൽ റെയിൽവേ അടയാളപ്പെടുത്തിരിക്കുന്നത് ഒന്നുമുതൽ 99 സീറ്റുകൾ മാത്രമാണ്. സത്യത്തിൽ സീറ്റുകളുടെ എണ്ണത്തിൽ കുറവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്.
കോച്ചുകളുടെ ചിത്രങ്ങൾ സഹിതം നൽകിയ പ്രസ്താവനയിലൂടെ റെയിൽവേ യാത്രക്കാരുടെ പ്രശ്നത്തെ നിസാരവത്കരിക്കുകയാണ് ചെയ്തത്. ഡബിൾ ഡെക്കർ സർവീസിൽ പോലും 220 പേർക്ക് ഇരിക്കാനുള്ള സൗകര്യം നിലവിൽ ഇല്ലാത്ത സാഹചര്യത്തിൽ ലാഗേജ് റാക്കുകൾ ചൂണ്ടിക്കാട്ടി നിസഹായരായ വേണാട് യാത്രക്കാരെ റെയിൽവേ പരിഹസിക്കുകയാണ്.
മണ്ഡലകാലം ആരംഭിക്കുമ്പോൾ എറണാകുളം ജംഗ്ഷനിൽ അവസാനിക്കുന്ന ദീർഘദൂര സർവീസുകളിൽ ഇറങ്ങുന്നവരും വേണാടിലേക്ക് ഇടിച്ചുകയറുന്ന സാഹചര്യം ഉണ്ടാകും. അടിയന്തരമായി വേണാടിലെ തിരക്കിന് പരിഹാരം കാണാൻ എല്ലാ ജനപ്രതിനിധികളും ഇടപെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Tags : NattuVishesham DistrictNews