സന്തോഷമായി പഠിക്കാം സംസ്ഥാനതല കാമ്പയിനിന്റെ പോസ്റ്റർ യോഗത്തിൽ പ്രകാശനം ചെയ്യുന്നു.
ആലപ്പുഴ: സ്കൂൾ വിദ്യാർഥികളുടെ മാനസികാരോഗ്യ സംരക്ഷണത്തിന് സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന സന്തോഷമായി പഠിക്കാം കാമ്പയിൻ ജില്ലയിൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആലോചനയോഗം കളക്ടറേറ്റിൽ ചേർന്നു. സംസ്ഥാന ആരോഗ്യ കുടുംബ ക്ഷേമ മന്ത്രിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന കാമ്പയിൻ ആരോഗ്യം, വനിത ശിശുക്ഷേമ, വിദ്യാഭ്യാസവകുപ്പുകൾക്കൊപ്പം കുടുംബശ്രീയും ഇതര സ്ഥാപനങ്ങളും ചേർന്ന് സംയുക്തമായാണ് നടപ്പാക്കുന്നത്.
സർക്കാർ സ്കൂളുകളാണ് മുഖ്യ ഗുണഭോക്താക്കൾ. പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ സ്വകാര്യസ്കൂളുകളെയും ഉൾപ്പെടുത്തും. ആത്മഹത്യ പ്രവണത, അക്കാഡമിക് സമ്മർദം, ലഹരിവിപത്ത് എന്നിവ ചെറുക്കുന്നതോടൊപ്പം വിദ്യാർഥികൾക്ക് മാനസിക പിന്തുണ ഉറപ്പാക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
ജില്ലയിലെ വിവിധ ആരോഗ്യ സംവിധാനങ്ങളുടെ മാനസികാരോഗ്യ പദ്ധതികൾ ഇതിനായി ഒറ്റ കുടക്കീഴിൽ കൊണ്ടുവരും. ജില്ലയിൽ പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ 11 വിദ്യാഭ്യാസ ഉപജില്ലകളിലും സ്കൂൾ അധ്യാപകർക്കായി വെബിനാർ സംഘടിപ്പിക്കും. 14 മുതൽ 17 വരെയാണ് വെബിനാറുകൾ സംഘടിപ്പിക്കുന്നത്. തുടർന്ന് ഓരോ ഉപവിദ്യാഭ്യാസ ജില്ലയിലും വിവിധ പദ്ധതികളുടെ ഭാഗമായി പ്രവർത്തിക്കുന്ന കൗൺസിലർമാർ, അധ്യാപകർ എന്നിവർക്കായി പ്രത്യേക പരിശീലനം ഒരുക്കും.
പ്രവർത്തന ഏകോപനത്തിന് ഉപവിദ്യാഭ്യാസ ജില്ലാതലത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പുകൾ രൂപീകരിക്കും. കുട്ടികൾക്ക് മാനസിക പിന്തുണ ഉറപ്പാക്കാൻ സ്കൂളുകളിൽ മെന്റൽ ഹെൽത്ത് ക്ലബ് രൂപീകരിക്കും. വിവിധ കൗൺസിലർമാരുടെ പ്രവർത്തന അവലോകനത്തിനും സ്കൂൾ തലങ്ങളിൽ പദ്ധതി വിപുലീകരണത്തിനും പിടിഎ യോഗങ്ങൾ നിശ്ചിത ഇടവേളകളിൽ സംഘടിപ്പിക്കും. ആരോഗ്യവകുപ്പിൽ നിന്ന് മാനസികാരോഗ്യ വിദഗ്ധരുടെ സേവനവും ഉറപ്പാക്കും.
കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളിൽ രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കാൻ കുടുംബശ്രീയുടെ കമ്മ്യൂണിറ്റി കോർഡിനേറ്റർമാരുടെ സേവനം പ്രയോജനപ്പെടുത്താനും യോഗത്തിൽ തീരുമാനമായി. എഡിഎം സി. പ്രേംജി യോഗത്തിൽ അധ്യക്ഷനായി. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ കെ. അനൂപ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Tags : NattuVishesham DistrictNews