വിത്തുണ്ടയിലൂടെ വളരുന്ന ഫലവൃക്ഷത്തൈകൾ വനപാലകർ പരിശോധിക്കുന്നു.
പത്തനംതിട്ട: വന്യമൃഗങ്ങൾക്ക് ഭക്ഷണമൊരുക്കാൻ വനംവകുപ്പ് കാട്ടിലെറിഞ്ഞ വിത്തുണ്ടകൾ തൈകളായി. ഞാവൽ, കാട്ടുപ്ലാവ്, മാവ്, നെല്ലി, അത്തി, ഇലഞ്ഞി, കറുക തുടങ്ങിയവയാണ് വളർന്നത്. കഴിഞ്ഞവർഷം ജൂണിലാണ് വിത്തിട്ടത്. ചെടികൾ അഞ്ചടിയോളം പൊക്കത്തിൽ വളർന്നു. 40 ശതമാനത്തോളം തൈകൾ വളർന്നിട്ടുണ്ടെന്നാണ് വനപാലകരുടെ വിലയിരുത്തൽ.
വനത്തിനുള്ളിൽ ഭക്ഷണക്ഷാമം നേരിടുന്നതാണ് വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഇറങ്ങാൻ കാരണമെന്ന തിരിച്ചറിവിലാണ് വിത്തുണ്ടയുമായി വനംവകുപ്പും സാമൂഹിക സംഘടനകളും രംഗത്തിറങ്ങിയത്.
സംസ്ഥാനത്തെ 36 വനം ഡിവിഷനുകളിലായി നാലുലക്ഷം വിത്തുണ്ടകളാണിട്ടത്. വനസംരക്ഷണ സമിതികൾ, പരിസ്ഥിതി ക്ളബ്ബുകൾ, സ്കൂൾ, കോളജ് വിദ്യാർഥികൾ, എസ്പിസി, എൻസിസി, ഹരിതകർമ്മ സേന എന്നിവരുടെ പങ്കാളിത്തത്തോടെ തയാറാക്കിയതിനാൽ വനംവകുപ്പിനു സാന്പത്തിക ബാധ്യതയുമുണ്ടായില്ല.
സംഘടനകൾ മുൻകൈയെടുത്ത് പത്തനംതിട്ട ജില്ലയിലെ വിവിധ റേഞ്ചുകളിൽ വിത്തുണ്ട തയാറാക്കി വനംവകുപ്പിനെ ഏല്പിക്കുകയായിരുന്നു. കാലവർഷത്തിന്റെ ആരംഭഘട്ടത്തിലാണ് റാന്നി വനംഡിവിഷൻ പരിധിയിൽ വിത്തുണ്ടകൾ എറിഞ്ഞു തുടങ്ങിയത്.
തൈകൾ സംരക്ഷിക്കും
വിത്തുണ്ടകളിൽ നിന്നും വേരുപിടിച്ച തൈകൾ സംരക്ഷിക്കാൻ വനപാലകർ രംഗത്തിറങ്ങി.
ഇവയ്ക്ക് ചുറ്റുമുള്ള കള നീക്കിത്തുടങ്ങി. വിത്തുണ്ടയിട്ട സ്ഥലങ്ങളുടെ വിവരങ്ങൾ വനംവകുപ്പ് സൂക്ഷിച്ചിട്ടുണ്ട്. ഇതുപയോഗിച്ചാണ് തൈകൾ കണ്ടെത്തുന്നത്. ഒരു വിത്തുണ്ടയിൽ നിന്ന് രണ്ടു തൈകളെങ്കിലും വളരുമെന്നാണ് പ്രതീക്ഷ. വിതറിയ വിത്തുണ്ടകളിൽ 40 ശതമാനവും പൂർണ വളർച്ചയിൽ എത്തുമെന്നാണ് പ്രതീക്ഷ. മണ്ണും കമ്പോസ്റ്റ് വളവും കുഴച്ചുരുട്ടി ഫലവൃക്ഷങ്ങളുടെയും പുല്ലുകളുടെയും വിത്തുകൾ വച്ചാണ് വിത്തുണ്ടകൾ തയാറാക്കുന്നത്.
ഫലവൃക്ഷത്തൈകൾ ആനയുടെ വരവ് കുറയ്ക്കും
ഫലവൃക്ഷത്തൈകൾ കാട്ടിനുള്ളിൽ വളർന്നാൽ കാട്ടാന പുറത്തേക്ക് വരുന്നത് ഒരു പരിധിവരെ ഒഴിവാക്കാനാകും. കൈതച്ചക്കയുടെയും ചക്കയുടെയും മണംപിടിച്ചാണ് കാട്ടാനകൾ ജനവാസമേഖലയിലിറങ്ങുന്നത്. ചക്കയുടെ സീസൺ എത്തുന്പോഴേക്കും ഇവ കിലോമീറ്ററുകൾ സഞ്ചരിച്ചെത്താറുണ്ട്. വനാതിർത്തി ഗ്രാമങ്ങളിൽ പ്ലാവിൽ ചക്ക വിരിയുന്പോൾ തന്നെ നശിപ്പിക്കുകയാണ് ഇപ്പോൾ. അടുത്തവർഷം മുതൽ ചക്ക വനംവകുപ്പ് തന്നെ ശേഖരിക്കാനുള്ള പദ്ധതി കഴിഞ്ഞയിടെ വനംമന്ത്രി പ്രഖ്യാപിച്ചിരുന്നു.
അതേസമയം കാട്ടിൽ ഫലവൃക്ഷം വളർത്തിയതുകൊണ്ടു മാത്രം വന്യമൃഗങ്ങൾ ജനവാസമേഖലയിലേക്ക് ഇങ്ങുന്നത് തടയാനാകില്ലെന്നാണ് ഒരുവിഭാഗം ഉദ്യോഗസ്ഥർ പറയുന്നത്. തൂക്കുവേലി, കിടങ്ങ്, കൽക്കെട്ട്, ജൈവവേലി, ട്രെയിൻ പാളം കൊണ്ടുള്ള വേലികൾ തുടങ്ങിയവയും ആവശ്യമാണ്.
Tags : Fruit tree NattuVishasham DistrictNews