സൈഫുദ്ദീന്, കെ. രാഹുല്‍.
മഞ്ചേരി: കാറില്‍ കടത്തുകയായിരുന്ന 16.335 കിലോ ഗ്രാം കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. കഞ്ചാവ് എത്തിക്കുന്നതിനായി പണം മുടക്കിയ കാളികാവ് ചെങ്കോട് സ്വദേശി തൊണ്ടിയില്‍ സൈഫുദ്ദീന് എന്ന ഗുണ്ടറാവു (38), ആന്ധ്രാപ്രദേശില്‍ നിന്ന് കഞ്ചാവ് ബംഗളുരുവിലേക്ക് എത്തിച്ച വണ്ടൂര്‍ നടുവത്ത് രാജീവ് നഗര്‍ സ്വദേശി വടക്കേപറമ്പില്‍ കെ. രാഹുല്‍ (28) എന്നിവരെയാണ് നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി എന്‍.ഒ. സിബിയുടെ നിര്‍ദേശപ്രകാരം എസ്ഐ വി. സിജില്‍ അറസ്റ്റ് ചെയ്തത്.
നേരത്തെ ആന്ധ്രാപ്രദേശില്‍ ജ്യൂസ് മേക്കറായിരുന്ന രാഹുലിന് അവിടെയുള്ള കഞ്ചാവ് ഏജന്റുമാരുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു. ഈ ബന്ധം പ്രയോജനപ്പെടുത്തിയാണ് ഇവര്‍ ജില്ലയിലേക്ക് കഞ്ചാവ് കടത്തിയിരുന്നത്. സൈഫുദ്ദീന് രാഹുലിന് പണം നല്‍കുകയും രാഹുല്‍ ആന്ധ്രയില്‍ പോയി കാര്‍ മാര്‍ഗം കഞ്ചാവ് കടത്തിക്കൊണ്ടു വരികയുമായിരുന്നു.
രാഹുല്‍ ബംഗളുരുവില്‍ എത്തിച്ച കഞ്ചാവ് സൈഫുദ്ദീന്റെ നിര്‍ദേശപ്രകാരം മേലാറ്റൂര്‍ എപ്പിക്കാട് സ്വദേശി മുഹമ്മദ് നിഹാല്‍ കാറില്‍ ജില്ലയിലേക്ക് കൊണ്ടുവരുന്നതിനിടെ ഡാന്‍സാഫ് സ്ക്വാഡ് പിന്തുടരുന്നുണ്ടെന്ന് മനസിലാക്കി അതിവേഗത്തില്‍ ഓടിച്ചുപോകവേ പല വാഹനങ്ങളിലും ഇടിച്ചിരുന്നു. 2021ല്‍ 100 കിലോ കഞ്ചാവും രണ്ട് കിലോ ഹാഷിഷ് ഓയിലും പിടികൂടിയ കേസില്‍ വിചാരണ കോടതി 15 വര്‍ഷം ശിക്ഷിച്ച സൈഫുദ്ദീന് നിലവില്‍ അപ്പീല്‍ ജാമ്യത്തിലാണ്. ഇതുകൂടാതെ ആയുധം കൈവശം വയ്ക്കല്‍, പോക്സോ, അടിപിടി, മോഷണം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സൈഫുദ്ദീന്. രണ്ട് കിലോ കഞ്ചാവ് കൈവശം വച്ചതിന് രാഹുലിനെതിരേ തൃശൂര്‍ എക്സൈസിലും കേസുണ്ട്. പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.