നെടുങ്കണ്ടം: സംസ്ഥാന പാതയോരത്ത് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് പതിവായി. കുമളി-മൂന്നാര്‍ സംസ്ഥാന പാതയില്‍ കല്‍ക്കൂന്തലില്‍ കലുങ്കിന് സമീപത്തെ കുഴിയിലേക്കാണ് മാലിന്യങ്ങള്‍ തള്ളിയിരിക്കുന്നത്. രാത്രിയില്‍ വാഹനത്തിലെത്തിച്ച മാലിന്യശേഖരം കലുങ്കിന് സമീപത്തേക്ക് തള്ളുകയായിരുന്നു.
മേഖലയില്‍ രാത്രിയില്‍ വാഹനങ്ങള്‍ കുറവായതും വഴിക്കിരുവശവും കാട് വളര്ന്നുനില്ക്കുന്നതുമാണ് മാലിന്യം തള്ളുന്നതിന് സഹായകമാകുന്നത്. നെടുങ്കണ്ടം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും റോഡുവക്കില്‍ മാലിന്യം നിറഞ്ഞിരിക്കുകയാണ്.
സംസ്ഥാന പാതയിലെ ഉടുമ്പന്‍ചോല, നെടുങ്കണ്ടം, പാമ്പാടുംപാറ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ഭാഗമാണ് ഏറ്റവുമധികം വൃത്തിഹീനമായി കിടക്കുന്നത്.
ദുര്‍ഗന്ധംമൂലം വാഹനയാത്രികര്‍ ഉള്‍പ്പെടെ മൂക്കുപൊത്തേണ്ട അവസ്ഥയാണ്. കൂടുതല്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ച് മാലിന്യം തള്ളുന്നവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Tags : nattu vishesham Garbage highway in Kalkunthal