അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗവിയിലെത്തിയ മന്ത്രി ബിന്ദു കൃഷ്ണ കുടുംബാംഗങ്ങൾ, ഗവി നിവാസികൾ എന്നിവരുമായി സംസാരിക്കുന്നു.
പത്തനംതിട്ട: ഗവിയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട അങ്കണവാടി ജീവനക്കാരിയുടെ കുടുംബത്തിന് വിവിധ വകുപ്പുകൾ പ്രഖ്യാപിച്ച 11 ലക്ഷത്തിനു പുറമേ വനിതാ ശിശുക്ഷേമ വകുപ്പ് അഞ്ച് ലക്ഷം രൂപകൂടി നൽകുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ.
കൂടുതൽ സഹായം ആവശ്യമുണ്ടെങ്കിൽ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി അത് അനുവദിപ്പിക്കാൻ ശ്രമം നടത്തുമെന്നും മന്ത്രി പറഞ്ഞു. ഗവിയിൽ അങ്കണവാടി ജീവനക്കാരിയുടെ കുടുംബത്തെ സന്ദർശിച്ചതിനു ശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.
ഗവിയിലെ ലയത്തിന്റെയും അവിടെ താമസിക്കുന്ന കുടുംബങ്ങളുടെയും വിവിധ പ്രശ്നങ്ങളും ശോചനീയാവസ്ഥയും പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കും.
ഗവിയിൽ വനംവികസന കോർപറേഷനിൽ മുടങ്ങിക്കിടക്കുന്ന ആശ്രിത നിയമനങ്ങൾ പുനരാരംഭിക്കാൻ വനം മന്ത്രിയുമായും ബന്ധപ്പെട്ട മറ്റ് വകുപ്പുകളുമായും ചർച്ച നടത്തും.
ഗവിയിലെ തൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിന് ഏറ്റവും അടുത്ത ദിവസം സ്ഥലം സന്ദർശിക്കാൻ ജില്ലാ ലേബർ ഓഫീസർക്കു നിർദേശം നൽകി. ഗവിയിലേക്കുള്ള യാത്രാക്ലേശം പരിഹരിക്കുന്നതിനും ചികിത്സാ സൗകര്യം വർധിപ്പിക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, ഡിസിസി ജനറൽ സെക്രട്ടറിമാരായ സാമുവൽ കിഴക്കുപുറം, പൂതങ്കര, അബ്ദുൾ കലാം ആസാദ്, എലിസബത്ത് അബു, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രജനി പ്രദീപ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആർ. ദേവകുമാർ, മണ്ഡലം പ്രസിഡന്റുമാർ തുടങ്ങിയവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.