പ്രസിദ്ധ മരിയൻ തീർഥാടന കേന്ദ്രമായ തുമ്പോളി സെന്റ് തോമസ് പള്ളിയിൽ വലിയനോമ്പാചരണത്തിന്റെ ഭാഗമായി പുത്തൻപാന, ദേവാസ്തവിളി സംഘങ്ങളെ വികാരി ഫാ. പോൾ ജെ. അറയ
ആലപ്പുഴ: പ്രസിദ്ധ മരിയൻ തീർഥാടന കേന്ദ്രമായ തുമ്പോളി സെന്റ് തോമസ് പള്ളിയിൽ വലിയനോമ്പാചരണത്തിന്റെ ഭാഗമായി പുത്തൻപാന ദേവാസ്തവിളി സംഘങ്ങളിറങ്ങുന്നു. ദിവ്യബലിക്കുശേഷം പുത്തൻപാന, ദേവാസ്തവിളി സംഘങ്ങളെ വികാരി ഫാ. പോൾ ജെ. അറയ്ക്കൽ, സഹവികാരിമാരായ ഫാ. ഷെല്ലി ആന്റണി അറയ്ക്കൽ, ഫാ. ഡെൻസി കാട്ടുങ്കൽ എന്നിവർ ദേവാലയ തിരുനടയിൽ വച്ച് കൊന്തയും കുരിശും മണിയും ആശീർവദിച്ചു നൽകി യാത്രയാക്കി.
ഇവർ ചെറുസംഘങ്ങളായി വലിയ ബുധനാഴ്ച വരെ ഇടവകയിലെ വിവിധ പ്രദേശങ്ങളിൽ രാത്രിയുടെ അന്ത്യയാമങ്ങളിൽ മണിമുഴക്കി കരങ്ങളിൽ മരക്കുരിശേന്തി ഉറക്കെ ദേവാസ്തവിളി ഗീതങ്ങൾ ആലപിച്ചു പ്രാർഥനാ കർമം നടത്തും. നോമ്പുകാലങ്ങളിൽ തീരദേശം കേന്ദ്രീകരിച്ചാണ് ഈ ആചാരം കൂടുതലായി നടത്തിവരുന്നത്. കേരളത്തിൽ മിഷൻ പ്രവർത്തനവുമായി വന്ന വിശുദ്ധ ഫ്രാൻസിസ് സേവ്യറാണ് ദേവാസ്തവിളിക്ക് തുടക്കം കുറിച്ചത്.
പിന്നീട് പൗരാണിക ക്രൈസ്തവ സമൂഹങ്ങളിലും ഈ പാരമ്പര്യം തുടർന്നുപോരുന്നുണ്ട്. ആശാന്മാരായ ഏലിയാസ് അരശേരിയിൽ, കുട്ടപ്പൻ കൊച്ചിക്കാരൻവീട്, ആന്റപ്പന് മേനങ്ങാട്, ഡെന്നിസ് തെക്കേപാലക്കൽ, കുട്ടപ്പൻ ചാരങ്ങാട്, കൊച്ചപ്പൻ കൊച്ചീക്കാരൻവീട്ടിൽ, കൈക്കാരന്മാരായ യേശുദാസ് ആറാട്ടുകുളങ്ങര, പ്രിൻസ് വാലയിൽ, ഗ്ലാവിൻ ഫ്രാൻസിസ് ഞാറക്കൽതറ, എ.എക്സ്. ബേബി അരശേരിയിൽ എന്നിവർ നേതൃത്വം നൽകി.
Tags : Great Lent nattuvishesham local news