പ്രതീകാത്മക ചിത്രം
നെടുമങ്ങാട്: മലയോര മേഖല യിലെ കനത്ത മഴയിൽ തോടുകളും നദികളും നിറഞ്ഞൊഴുകി. വാമനപുരം ആറ്റിലും കരമനയാറ്റിലും കിള്ളിയാറ്റിലും ജലനിരപ്പുയർന്നു.
അരുവിക്കര അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് ഇന്നലെ ഉച്ചകഴിഞ്ഞ് ഡാമിന്റെ മൂന്നു ഷട്ടറുകൾ 10 സെന്റീമീറ്റർ വീതം ഉയർത്തി. ഡാമിന്റെ സമീപപ്രദേശങ്ങളിലും കരമന യാറിന്റെ ഇരു കരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നു ജില്ലാ കളക്ടർ അനു കുമാരി അറിയിച്ചു.
താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളിലും കൃഷിയിടങ്ങളിലും വെള്ളക്കെട്ട് ദുരിതം വിതയ്ക്കുന്നുണ്ട്. തെങ്കാശി, പൊന്മുടി, കാട്ടാക്കട, വട്ടപ്പാറ റോഡുകളിൽ ചിലേടങ്ങളിൽ മണ്ണിടിഞ്ഞതും മരങ്ങൾ കടപുഴകിയതും യാത്രക്കാരെ ആശങ്കയിലാക്കി. മലയോര പ്രദേശങ്ങളിലേക്കുള്ള രാത്രി യാത്രയ്ക്കു നിയന്ത്രണമുള്ളതായി വനം വകുപ്പ് അധികൃതർ വ്യക്തമാക്കി.