കട്ടപ്പന: കിഫ്ബിയുടെ നേതൃത്വത്തിൽ പ്രശസ്ത ദീർഘദൂര ഓട്ടക്കാരൻ മിലിംഗ് സോമൻ നയിക്കുന്ന ഹിൽ ഹൈവേ റണ്‍ 22ന് രാവിലെ ഏലപ്പാറ മുതൽ കാഞ്ചിയാർ വരെ നടത്തും. ഒരുക്കങ്ങൾ വിലയിരുത്താൻ ഇന്ന് വൈകുന്നേരം നാലിന് ഏലപ്പാറയിലെ പീരുമേട് താലൂക്ക് കാർഷിക വികസന ബാങ്ക് ഹാളിൽ കൂടിയാലോചനാ യോഗം ചേരും.
മലയോര ഹൈവേയുടെ വികസന പ്രാധാന്യം ലോകശ്രദ്ധയിൽപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഹിൽ ഹൈവേ റണ്‍ ഇടുക്കിയുടെ കായിക-സാമൂഹിക മേഖലയ്ക്ക് പുതിയ ദിശാബോധം നൽകുന്ന പരിപാടിയാകുമെന്ന് സംഘാടകർ അറിയിച്ചു. ജനപ്രതിനിധികളും ആയിരക്കണക്കിന് വിദ്യാർത്ഥികളും കായിക താരങ്ങളും പൊതുജനങ്ങളും പങ്കെടുക്കുന്ന പരിപാടി ദേശീയ - സംസ്ഥാന തലത്തിൽ ശ്രദ്ധേയമാക്കുന്നതിനും വിവിധ വകുപ്പുകളുടെ പിന്തുണ ഉറപ്പാക്കുന്നതിനുമാണ് യോഗം ചേരുന്നത്.
സുരക്ഷാ ക്രമീകരണങ്ങൾ, ട്രാഫിക് നിയന്ത്രണം, ആരോഗ്യസൗകര്യങ്ങൾ, മീഡിയ ഏകോപനം, വിദ്യാർത്ഥി പങ്കാളിത്തം, സാമൂഹിക സന്ദേശങ്ങളുടെ പ്രചാരണം തുടങ്ങിയ വിഷയങ്ങൾ വിശദമായി ചർച്ച ചെയ്യും. ആലോചനാ യോഗത്തിൽ ചലച്ചിത്ര സംവിധായകനും കിഫ്ബി ക്രിയേറ്റീവ് ഡയറക്ടറുമായ വി.എ. ശ്രീകുമാർ മേനോൻ, സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസ്, മാധ്യമ പ്രവർത്തകനും പുഷ് 360 വൈസ് പ്രസിഡന്റുമായ യു. പ്രദീപ്, മുതിർന്ന മാധ്യമ പ്രവർത്തകനും ന്യൂസ് മലയാളം ചാനൽ മേധാവിയുമായ ഹർഷൻ പൂപ്പാറക്കാരൻ, ഇടുക്കി ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് മുഹമ്മദ് ഫൈസൽ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
Tags : nattu vishesham Hill Highway Elapara to Kanchiyar