പ്രതീകാത്മക ചിത്രം
ഇടുക്കി: പള്ളിവാസല് തട്ടാത്തിമുക്കില് ക്ലൗഡ് ഡെക്ക് എന്ന പേരില് പ്രവര്ത്തിക്കുന്ന അഡ്വഞ്ചര് ടൂറിസം കേന്ദ്രത്തിലെ ഹോട്ട് എയര് ബലൂണ് പ്രവര്ത്തനം നിരോധിച്ചതായി ജില്ലാ കളക്ടര് ഡോ. ദിനേശന് ചെറുവാട്ട് അറിയിച്ചു. ഇവിടെ പ്രവര്ത്തിച്ചിരുന്ന ഹോട്ട് എയര് ബലൂണ് കഴിഞ്ഞ ഓഗസ്റ്റ് 31ന് സമീപത്തെ വൈദ്യുതി ലൈനില് തട്ടിയതായി ദേവികുളം സബ് കളക്ടര് നടത്തിയ അന്വേഷണത്തില് കണ്ടെത്തിയിരുന്നു. തുടര്ന്ന് നല്കിയ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കാറ്റിന്റെ ദിശയിലും വേഗത്തിലുമുള്ള വ്യതിയാനം മൂലം ബലൂണ് നിയന്ത്രണംവിട്ട് വൈദ്യുതി ലൈനുമായി സമ്പര്ക്കത്തില് വരുന്നതും വൈദ്യുതാഘാതം, തീപിടിത്തം തുടങ്ങിയ ഗുരുതര അപകടങ്ങള്ക്ക് കാരണമാകാനിടയുണ്ട്. ഇതു വിനോദസഞ്ചാരികളുടെയും ജനങ്ങളുടെയും ജീവന് ഭീഷണിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഹോട്ട് എയര് ബലൂണ് പ്രവര്ത്തനത്തിന് വിലക്കേര്പ്പെടുത്തിയത്.