നെല്ലിയാമ്പതി: പുലയമ്പാറ- സീതാർകുണ്ട് വ്യൂ പോയിന്റ് റോഡിൽ പുലയമ്പാറ ജംഗ്ഷന് സമീപം പൊതുമരാമത്ത് റോഡിൽ പാലത്തിനോടുചേർന്ന് രൂപപ്പെട്ട ആഴത്തിലുള്ള വൻകുഴി വാഹനയാത്രക്കാർക്ക് ഭീഷണി.
പാലത്തിനു സമീപത്തുതന്നെ റോഡിൽ വലിയ കുഴി രൂപപ്പെട്ടതോടെ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവ അപകടത്തിൽപ്പെടാനുള്ള സാധ്യതയുമേറി.
രാത്രികാലങ്ങളിലും മഴ പെയ്യുന്ന സമയത്തും കുഴി വ്യക്തമായി കാണാൻ കഴിയാത്തത് അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്. വിനോദസഞ്ചാരികൾ ഉൾപ്പെടെ നിരവധിപേർ സഞ്ചരിക്കുന്ന പ്രധാന റോഡാണിത്.
അടുത്ത അപകടമുണ്ടാകുന്നതിനുമുമ്പ് കുഴി അടയ്ക്കുന്നതിനും റോഡിലെ സുരക്ഷ ഉറപ്പാക്കുന്നതിനും അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നു നാഷണൽ ജനതാദൾ നെല്ലിയാമ്പതി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി വി.എസ്. പ്രസാദ് ആവശ്യപ്പെട്ടു.