കൊന്നക്കാട്: ഭീമനടി ഫോറസ്റ്റ് സെക്ഷന്റെ കീഴിലുള്ള കൊന്നക്കാട് മഞ്ചുച്ചാൽ വനത്തിൽനിന്ന് കാട്ടുപന്നിയുടെ ജഡവുമായി നായാട്ട് സംഘം പിടിയിലായി.
ചെരുമ്പക്കോട് സ്വദേശി രാമകൃഷ്ണൻ (49) , മൈക്കയം സ്വദേശികളായ രതീഷ് (42), മധു എന്ന രാജേഷ് (42) എന്നിവരാണ് പിടിയിലായത്. ഒരു തോക്കും തിരകളും പിക്കപ്പ് വാഹനവും ഇവരിൽ നിന്ന് പിടിച്ചെടുത്തു.
കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഒ. സുരേന്ദ്രന്റെ നിർദേശ പ്രകാരം നടത്തിയ പരിശോധനയിലാണ് നായാട്ടുസംഘം പിടിയിലായത്.
ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി. ശ്രീധരൻ, നിതിൻ ചന്ദ്രൻ, എം.എൻ. നന്ദകുമാർ, ജിഷ്ണു കുഞ്ഞികൃഷ്ണൻ, ബീറ്റ് അസിസ്റ്റന്റ് എൻ.കെ. സന്തോഷ്, ഡ്രൈവർ പ്രദീപ് കുമാർ എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.
പിടിയിലായവരെ കാഞ്ഞങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-2 മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
രണ്ടാം പ്രതിയായ രാജേഷ് നേരത്തേ മലമാനിനെ വേട്ടയാടിയ കേസിലും ഉൾപ്പെട്ടിരുന്നതായി വനംവകുപ്പ് അറിയിച്ചു.
വരും ദിവസങ്ങളിലും രാത്രികാല പരിശോധനകൾ ശക്തമാക്കുമെന്ന് കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുൽ അറിയിച്ചു.
Tags : Hunting gang nattuvishesham local news