തൊടുപുഴ: വോട്ടെടുപ്പ് കഴിഞ്ഞതോടെ കൂട്ടിയും കിഴിച്ചും പോളിംഗ് വിലയിരുത്തുകയാണ് മുന്നണികൾ. ജില്ലയിലെ ഉയർന്ന പോളിംഗ് ശതമാനം തങ്ങൾക്ക് അനുകൂലമെന്ന് എല്ലാവരും അവകാശവാദം ഉന്നയിച്ചുകഴിഞ്ഞു.
അഞ്ച് മണ്ഡലങ്ങളിലും വിജയം അവകാശപ്പെടുന്നുണ്ടെങ്കിലും നാല് എണ്ണത്തിലാണ് യുഡിഎഫിന് പ്രതീക്ഷ.
സിറ്റിംഗ് മണ്ഡലങ്ങളിൽ മൂന്നിടത്ത് ജയം ആവർത്തിക്കുമെന്ന് പറയുന്നു ഇടത് മുന്നണി. തങ്ങള്‍ പിടിക്കുന്ന വോട്ടുകള്‍ ജനവിധി നിര്‍ണയിക്കുമെന്ന് എന്‍ഡിഎയും അവകാശപ്പെടുന്നു.
തൊടുപുഴ
തൊടുപുഴയിൽ വിജയത്തിൽ കുറഞ്ഞൊന്നും യുഡിഎഫ് ചിന്തിക്കുന്നില്ല. അപു ജോൺ ജോസഫിന് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നും യുഡിഎഫ് ക്യാമ്പ് വിലയിരുത്തുന്നു.
യുഡിഎഫിലെ അനൈക്യം ഗുണകരമാകുമെന്ന വിലയിരുത്തലാണ് ഇടത് ക്യാമ്പിന്.
ദേവികുളം
ജില്ലയിൽ ശക്തമായ ത്രികോണ പോരാട്ടം നടന്ന ഏക മണ്ഡലമാണ് ദേവികുളം. എ. രാജയിലൂടെ മണ്ഡലം നിലനിർത്തുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇടതുമുന്നണി. ഇക്കുറി മണ്ഡലം തിരിച്ചുപിടിക്കുമെന്ന് യുഡിഎഫ് നേതൃത്വം അവകാശപ്പെടുന്നുണ്ട്. മുൻ എംഎൽഎയും മുതിർന്ന നേതാവുമായ എസ്. രാജേന്ദ്രന്റെ സ്ഥാനാർഥിത്വമാണ് എൻഡിഎ ക്യാമ്പിന്റെ പ്രതീക്ഷ.
പീരുമേട്
ഇക്കുറി പരീമേട് തിരിച്ചുപിടിക്കുമെന്ന ഉറച്ച ആത്മവിശ്വാസമാണ് യുഡിഎഫ് ക്യാമ്പ് പുലർത്തുന്നത്. കഴിഞ്ഞ തവണ നേരിയ വോട്ടിന് നഷ്ടമായ മണ്ഡലം ഇക്കുറി തിരിച്ചുപിടിക്കുമെന്ന് യുഡിഎഫ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പുതുമുഖം കെ.സലിംകുമാറിലൂടെ മണ്ഡലം നിലനിർത്തുമെന്ന് എൽഡിഎഫും പ്രതീക്ഷിക്കുന്നു.
ഉടുമ്പന്‍ചോല
എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റായ ഉടുമ്പന്‍ചോലയിലെ റിക്കാര്‍ഡ് പോളിംഗ് നടന്നതാണ് യുഡിഎഫിന് പ്രതീക്ഷ നല്‍കുന്നത്. മണ്ഡലത്തിലെ പത്തിൽ ഏഴ് പഞ്ചായത്തുകളിലും സേനാപതി വേണു ലീഡ് ചെയ്യുമെന്നാണ് യുഡിഎഫ് കണക്ക്. എം.എം. മണി കഴിഞ്ഞ തവണ നേടിയ മികച്ച ഭൂരിപക്ഷം നിലനിർത്തുമെന്ന് എൽഡിഎഫ് ഉറപ്പിച്ചു പറയുന്നു. ശക്തമായ തിക്രോണ മത്സരം സൃഷ്ടിക്കാനായെന്ന് എൻഡിഎ നേതൃത്വവും വിലയിരുത്തുന്നു.
ഇടുക്കി
റോഷി അഗസ്റ്റിൻ ഇടതിനായി ഇടുക്കി നിലനിർത്തുമെന്നാണ് എൽഡിഎഫ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ. എന്നാൽ ഇക്കുറി റോഷിയെ വീഴ്ത്തുമെന്ന് യുഡിഎഫ് ക്യാമ്പും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. അഞ്ചക്ക ഭൂരിപക്ഷം നേടുമെന്നും നേതൃത്വം അവകാശപ്പെടുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നും പ്രകടനം നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. എൻഡിഎ സ്ഥാനാർഥി പ്രതീഷ് പ്രഭയുടെ പ്രകടനവും ഇടുക്കിയിൽ നിർണായകമാകും.
Tags : Idukki the people are very happy nattuvishesham local news