അടിമാലി: യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ജ്യേഷ്ഠനെ റിമാൻഡ് ചെയ്തു. വെള്ളത്തൂവല്‍ പഞ്ചായത്തിലെ തെക്കേ ശല്യംപാറ പൈതപ്പാറയില് അനിലാണ് (42) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരന് പ്രസാദനെ (46) വെള്ളത്തൂവല്‍ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം അനിലിന്റെ മൃതദേഹം അടിമാലി പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
തിങ്കളാഴ്ച വൈകുന്നേരം ആറരയോടെ നെല്ലിയാമ്പാറയിലെ തറവാട്ടു വീട്ടിലായിരുന്നു സംഭവം. വെള്ളത്തൂവല്‍ ഗവ. ഹൈസ്കൂളിനു സമീപം താമസിക്കുന്ന പ്രസാദ്, അമ്മയെ കാണാനായി നെല്ലിയാമ്പാറയിലെ തറവാട്ടുവീട്ടിലെത്തിയതായിരുന്നു. മദ്യപിച്ചെത്തിയ പ്രസാദ്, അനുജന് അനിലിനോടൊപ്പം വീണ്ടും മദ്യപിച്ചു. ഇതിനിടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും പ്രസാദ് കത്തിയെടുത്ത് അനിലിനെ കുത്തുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് പ്രസാദിനെ കസ്റ്റഡിയിലെടുത്തിരുന്നു. നിരവധി മോഷണ ക്കേസുകളിലും ക്രിമിനല്‍ കേസുകളിലും പ്രതിയാണ് പ്രസാദെന്ന് പൊലിസ് വ്യക്തമാക്കി. സൗമ്യയാണ് അനിലിന്റെ ഭാര്യ. മക്കള്‍: അദ്വൈത്, ആദിനാഥ്.
Tags :