കക്കൂസ് മാലിന്യം പുഴയിൽ തള്ളിയ കേസിൽ പിടിയിലായ പ്രതികളും വാഹനവും
പേരാമ്പ്ര: ആവളയില്‍ കക്കൂസ് മാലിന്യം തള്ളി പുഴ മലിനമാക്കിയ സംഭവത്തില്‍ രണ്ട് പേര് പിടിയിലായി. മലപ്പുറം സ്വദേശികളായ മുഹമ്മദ് മുസ്തഫ, അബു ഷംഷാദ് എന്നിവരാണ് മേപ്പയൂര്‍ പൊലിസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസംപുലര്‍ച്ചെ 2.30 ഓടുകൂടിയാണ് ആവള ഗുളികപ്പുഴയില്‍ ടാങ്കറില്‍ കൊണ്ടു വന്ന കക്കൂസ് മാലിന്യം തള്ളിയത്.
പ്രദേശത്തുനിന്നും ഇവര്‍ ശേഖരിച്ച മാലിന്യം തന്നെയാണ് തള്ളിയതെന്ന് പൊലിസ് പറഞ്ഞു. നിരവധി പേരുടെ കുടിവെള്ളം മുട്ടിച്ച സംഭവം വലിയ ജനരോഷത്തിന് ഇടയാക്കിയിരുന്നു. റോഡില്‍ നിന്നും 50 അടിയോളം താഴ്ചയിലേക്ക് പമ്പ് ചെയ്ത മാലിന്യം പുഴയിലേക്ക് ഒലിച്ചിറങ്ങി പുഴയിലെ വെള്ളം കറുപ്പ് നിറമായ നിലയിലായിരുന്നു.
പെരിഞ്ചേരിക്കടവ് ഭാഗത്തു നിന്നും വന്ന പ്രതികള്‍ മാലിന്യം പുഴയില്‍ തള്ളി ബാവുപ്പാറ റോഡ് വഴി തിരുവള്ളൂര്‍-വടകര റോഡിലൂടെ മലപ്പുറത്തേക്ക് കടക്കുകയായിരുന്നുയെന്നും പൊലിസ് പറഞ്ഞു. നിരവധി സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെയും തള്ളാന്‍ ഉപയോഗിച്ച വാഹനവും പൊലിസ് കസ്റ്റഡിയില്‍ എടുത്തത്.