പ്രതീകാത്മക ചിത്രം
മലപ്പുറം: ജില്ലയിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ വിപുലമായി സംഘടിപ്പിക്കും. മലപ്പുറം എംഎസ്പി പരേഡ് ഗ്രൗണ്ടിൽ ഇന്നു പൊതുമാരാമത്ത് മന്ത്രി പി.കെ. ബഷീർ ദേശീയ പതാക ഉയർത്തി പരേഡിന്റെ അഭിവാദ്യം സ്വീകരിക്കും. രാവിലെ 8.25ന് ആരംഭിക്കുന്ന പരേഡിൽ വിവിധ സേനാ വിഭാഗങ്ങളുടെയും എൻസിസി, എസ്പിസി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ് തുടങ്ങിയവയുടെയും 37 പ്ലാറ്റൂണുകൾ അണിനിരക്കും.
എംഎസ്പി അസിസ്റ്റന്റ് കമാൻഡന്റ് ടി.കെ. മുഹമ്മദ് ബഷീർ പരേഡ് കമാൻഡറാകും. എംഎസ്പി ആംഡ് പൊലിസ് ഇൻസ്പെക്ടർ രമേഷ് ബാബു സെക്കൻഡ് ഇൻ കമാൻഡാകും.
നഗരസഭാ പരിധിയിലെ വിവിധ വിദ്യാലയങ്ങളിൽനിന്നുള്ള കുട്ടികൾ പങ്കെടുക്കുന്ന പ്രഭാതഭേരി രാവിലെ 7.15ന് മലപ്പുറം സിവിൽ സ്റ്റേഷൻ പരിസരത്തുനിന്ന് ആരംഭിച്ച് പെരിന്തൽമണ്ണ റോഡിലൂടെ എംഎസ്പി പരേഡ് ഗ്രൗണ്ടിലെത്തും. രാവിലെ 8.40ന് സിവിൽ സ്റ്റേഷനിലുള്ള യുദ്ധ സ്മാരകത്തിൽ മന്ത്രിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് മന്ത്രി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച് ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകും.
വിവിധ സ്കൂളുകളിലെ കുട്ടികൾ അവതരിപ്പിക്കുന്ന കലാപരിപാടികളും നടക്കും. പരേഡിലെ വിജയികൾക്കുള്ള സമ്മാന വിതരണത്തിനു ശേഷം 9.30ന് ദേശീയഗാനത്തോടെ പരിപാടികൾ സമാപിക്കും.
പ്രഭാതഭേരിയിൽ മികച്ച പ്രകടനം നടത്തുന്ന ടീമിനും പരേഡിലെ മികച്ച സേനാ വിഭാഗത്തിനും സമ്മാനം നൽകും. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മികച്ച രീതിയിൽ അലങ്കരിച്ച മലപ്പുറം നഗരസഭാ പരിധിയിലെ വ്യാപാര സ്ഥാപനങ്ങൾക്കും സമ്മാനം നൽകും.
Tags : Nattuvisesham DistrictNews DeepikaNews