വൈപ്പിൻ: ട്രോളിംഗ് നിരോധനത്തോടനുബന്ധിച്ച് നടത്തിയ യോഗത്തിലെ തീരുമാനങ്ങൾക്ക് വിരുദ്ധമായി അന്യസംസ്ഥാന ഫൈബർ വള്ളങ്ങൾ ആഴക്കടലിൽ അനധികൃത മത്സ്യബന്ധനം നടത്തുന്നതായി ആക്ഷേപം. ഇത് സംബന്ധിച്ച് കേരള പരമ്പരാഗത മത്സര തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി കളക്ടർക്ക് നൽകിയ പരാതിയിൽ അടിയന്തര നടപടിയെടുക്കാൻ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.
പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഉപയോഗിക്കുന്ന വല പ്രത്യേകം കളർ മുക്കിയ ശേഷമാണ് ഇവർ മത്സ്യബന്ധനം നടത്തുന്നതത്രെ. ആഴക്കടലിൽ കണ്ടുവരുന്ന പടയപ്പ എന്നറിയപ്പെടുന്ന വലിയ കിളിമീൻ, കടൽ ബ്രാല് എന്നറിയപ്പെടുന്ന അരണ മീൻ തുടങ്ങിയ മത്സ്യങ്ങളാണ് ഇവർ പിടിക്കുന്നത്. തുടർന്ന് വള്ളങ്ങൾ ഫോർട്ടുകൊച്ചി കമാലക്കടവ് ,തോളെ കടവ് തുടങ്ങിയ ഭാഗങ്ങളിൽ അടുത്ത് മത്സ്യവില്പന നടത്തി വരികയാണെന്ന് മത്സ്യത്തൊഴിലാളി യൂണിയൻ നൽകിയ പരാതിയിൽ പറയുന്നു.
ഇത്തരം അന്യസംസ്ഥാന ഫൈബർ വള്ളങ്ങളെ ട്രോളിംഗ് നിരോധന കാലത്ത് മത്സ്യബന്ധനത്തിന് അനുവദിക്കില്ലെന്നും ഇവർ സംസ്ഥാനം വിട്ട് പോകണമെന്നും ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമെടുത്തിരുന്നതാണ്. എന്നാൽ അന്യസംസ്ഥാന വള്ളങ്ങൾ ട്രോളിംഗ് ബാൻ അട്ടിമറിക്കുകയാണെന്ന് യൂണിയൻ ജില്ലാ സെക്രട്ടറി പി.വി. ജയൻ പരാതിയിൽ ആരോപിച്ചു.
Tags : Local News Nattuvishesham Ernakulam