കമ്പളക്കാട് ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയ ഉദ്യോഗാര്‍ഥികള്‍.
കമ്പളക്കാട്(വയനാട്): തദ്ദേശസ്വയംഭരണ വകുപ്പിലെ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (കാറ്റഗറി നമ്പര്‍ 621/2024) നിയമനങ്ങളിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ തിരുവനന്തപുരത്തുനിന്നെത്തിയ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഉദ്യോഗാര്‍ഥികളില്‍നിന്ന് മൊഴിയെടുത്തു.
കഴിഞ്ഞദിവസം കമ്പളക്കാട് ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു മൊഴിയെടുപ്പ്. ഐജി അജിതാബീഗത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ അംഗങ്ങളായ രണ്ട് എസ്ഐമാരും ഒരു സിപിഒയുമായാണ് ഹിയറിംഗിന് എത്തിയത്.
പിഎസ്സി മുഖേനയുള്ള നിയമനം തടഞ്ഞുവച്ചതിനും വെബ്സൈറ്റില്‍നിന്ന് ഒഴിവുകള്‍ പിന്‍വലിച്ചതിനും എതിരേ വയനാട്ടിലെ ഉദ്യോഗാര്‍ഥികളില്‍ ചിലര്‍ പരാതി നല്‍കിയിരുന്നു.
തദ്ദേശവകുപ്പില്‍ 2,500 ഓളം താത്കാലിക ഡ്രൈവര്‍മാരുണ്ട്. 2022ലെ ചില സര്‍ക്കാര്‍ തീരുമാനങ്ങളുടെ മറവില്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ചും വീണ്ടും വിജ്ഞാപനം ഇറക്കിയും താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ നീക്കമുണ്ടെന്ന് ഉദ്യോഗാര്‍ഥികള്‍ പരാതിയില്‍ ആരോപിച്ചിരുന്നു.