കൂരാച്ചുണ്ട്: വെറ്റിലയുടെ വെറൈറ്റി കൃഷിയിൽ നിന്നും വരുമാനം നേടി കൂരാച്ചുണ്ട് പഞ്ചായത്ത് മൂന്നാം വാർഡ് കാളങ്ങാലിയിലെ അറുപത്തിനാലുകാരനായ കർഷകൻ തയ്യിൽ ജോസഫ്. പിതാവ് പൈലിയാണ് പതിനഞ്ച് വർഷം മുമ്പ് വെറ്റില കൃഷിക്ക് തുടക്കം കുറിച്ചത്.
പിന്നീട് ജോസഫ് കൃഷി പിന്തുടർന്നു. മുന്നര ഏക്കർ ഭൂമയിൽ നടത്തിവരുന്ന സമ്മിശ്ര കൃഷിയോടൊപ്പം വെറ്റില കൃഷിയും വ്യാപകമായി നടത്തിവരികയാണ്.തൊണ്ണൂറ് വെറ്റില കൊടികളാണ് ( ചുവട് ) പരിപാലിച്ച് വരുന്നത്.ദിവസവും ഇതിൽ നിന്നുള്ള മികച്ച രീതിയിൽ വരുമാനം ലഭിക്കുമെന്നും കർഷകൻ ജോസഫ് പറയുന്നു. വീടിന് സമീപമുള്ള കമുക്, പ്ലാവ്, തുടങ്ങിയ താങ്ങുമരങ്ങളിലാണ് കൃഷി ചെയ്തിട്ടുള്ളത്.
ഒരു കെട്ടിന് (നൂറ് വെറ്റില ) 60 രൂപ നിരക്കിലാണ് വിൽപന നടത്തുന്നത്.പതിനഞ്ച് ദിവസം കൂടുമ്പോൾ ഒരു കൊടിയിൽ നിന്നും 400 വെറ്റിലയോളം ലഭിക്കും.ഇത്തരത്തിൽ ഇടവേളയില്ലാതെ പതിവായി വെറ്റില ലഭിക്കുന്നുണ്ട്. നാട്ടിൽ നല്ല ഡിമാൻഡ് ഉള്ളതിനാൽ വെറ്റില വിറ്റഴിക്കാൻ പ്രയാസപ്പെടാറില്ല.
വേനലായാൽ ദിവസവും കൊടികൾക്ക് വെള്ളമൊഴിച്ച് നിക്കണം. അതിനാൽ വേനൽക്കാലത്തും വെറ്റില ലഭിക്കും. കടലപ്പിണ്ണാക്ക്, ചാണകം, കോഴിവളം, ശീമകൊന്നയുടെ ഇല എന്നിവയാണ് വളമായി ഉപയോഗിക്കുന്നത്.
രാസവള പ്രയോഗം പാടില്ല.അതിനാൽ രോഗമോ മറ്റ് കേടുകളോ വരാറില്ല. അതുകൊണ്ടുതന്നെ മറ്റു കൃഷികളെപ്പോലെ വെറ്റില കൃഷിയിൽ നിന്നും ഏറെ വരുമാനം നേടാൻ കഴിയുമെന്നാണ് കർഷകൻ ജോസഫ് അവകാശപ്പെടുന്നത്.
റബ്ബർ, തെങ്ങ്, കമുക്, വാഴ, ജാതി തുടങ്ങിയ കൃഷികളും നല്ല രീതിയിൽ നടത്തിവരുന്ന കർഷകൻ പഞ്ചായത്തിലെ മികച്ച സമ്മിശ്ര കർഷകനുള്ള അവാർഡും നേടിയിട്ടുണ്ട്. പിതാവ് പൈലിയും ഭാര്യ വിജിയുമാണ് കൃഷിയിൽ സഹായവും പ്രേത്സാഹനവും നൽകുന്നത്.ഫോൺ: 9745336547.