കൽപ്പറ്റ: കടത്തനാടൻ കളരി ഫൗണ്ടേഷനും ബ്യൂമെറിക് ഇന്ത്യ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ അവധിക്കാല കളരി പരിശീലന ക്യാന്പുകൾക്ക് തുടക്കമായി. പുതുപ്പണം, ചോന്പാല, കൽപ്പറ്റ, കമ്മന, മഞ്ഞപ്പാറ എന്നീ അഞ്ച് കേന്ദ്രങ്ങളിലായി നടക്കുന്ന ക്യാന്പുകളുടെ ഉദ്ഘാടനം കൽപ്പറ്റയിൽ പദ്മശ്രീ മീനാക്ഷി അമ്മ നിർവഹിച്ചു.
ബ്യൂമെറിക് ഇന്ത്യ ഫൗണ്ടേഷന്റെ സാന്പത്തിക സഹായത്തോടെയാണ് ഒന്നരമാസം നീണ്ടുനിൽക്കുന്ന ക്യാന്പ് സംഘടിപ്പിക്കുന്നത്. ചടങ്ങിൽ കൽപ്പറ്റ നഗരസഭ കൗണ്‍സിലർ ചിത്ര അധ്യക്ഷത വഹിച്ചു.
ജില്ലാ വനിതാ സംരക്ഷണ ഓഫീസർ എൻ.പി. ഗീത, കടത്തനാടൻ കളരി ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ കെ.എഫ്. തോമസ് ഗുരുക്കൾ എന്നിവർ പ്രസംഗിച്ചു. കളരി പരിശീലത്തിനൊപ്പം കുട്ടികളുടെ സമഗ്രമായ വ്യക്തിത്വ വികാസം ലക്ഷ്യമിട്ടുള്ള വൈവിധ്യമാർന്ന പരിപാടികളാണ് ക്യാന്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സാഹിത്യ ക്യാന്പ്, നാടക പരിശീലനം, ലഹരിവിരുദ്ധ ബോധവത്കരണം, പക്ഷി നിരീക്ഷണം, നാടൻപാട്ട്, ജൈവകൃഷി, വ്യക്തിത്വ വികസന ക്ലാസുകൾ എന്നിവയും ക്യാന്പിന്റെ ഭാഗമായി നടക്കും. റെഡ് ക്രോസിന്റെ പ്രാഥമിക ചികിത്സാ പരിശീലനവും നൽകുന്നുണ്ട്.
Tags : nattu vishesham Kalahari training