കളക്ടറേറ്റ് കോണ്ഫറൻസ് ഹാളിൽ നടന്ന പട്ടികവിഭാഗ, പിന്നാക്ക ക്ഷേമ വകുപ്പുകളുടെ ജില്ലാതല അവലോകന യോഗത്തിൽ മന്ത്രി കെ.എ. തുളസി സംസാരിക്കുന്നു.
കാസർഗോഡ്: സര്ക്കാര് നടപ്പാക്കുന്ന വികസന പ്രവൃത്തികള് സമയബന്ധിതമായി പൂര്ത്തിയാക്കുമെന്ന് മന്ത്രി കെ.എ. തുളസി പറഞ്ഞു. കളക്ടറേറ്റ് കോണ്ഫറന്സ് ഹാളില് ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അവര്.
പല പദ്ധതികളും പല കാരണങ്ങളാലും പൂര്ത്തീകരിക്കാതെയുണ്ട്. ഇവ നടപ്പാക്കുന്നതിലെ പോരായ്മകളും പ്രായോഗിക തടസങ്ങളും പരിശോധിക്കുകയെന്നതാണ് അവലോകന യോഗങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
ആദിവാസി ഗോത്രമേഖലകളിലെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള് പരിഹരിക്കാനും നിലവിലുള്ളവ മെച്ചപ്പെടുത്താനും അടിയന്തര പ്രാധാന്യം നല്കും. ഇടയ്ക്കുവച്ച് പഠനം നിര്ത്തിപ്പോകുന്ന വിദ്യാര്ഥികളുടെ പ്രശ്നം, വകുപ്പിനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സൗകര്യങ്ങള് മെച്ചപ്പെടുത്തല് തുടങ്ങിയ കാര്യങ്ങള് മുന്ഗണനാ പട്ടിക തയാറാക്കി പരിഹരിക്കും. സര്ക്കാര് നടപ്പാക്കുന്ന പദ്ധതികൾ കൃത്യമായി താഴെത്തട്ടില് എത്തിയാല് മാത്രമേ അവ വിജയകരമാവുകയുള്ളൂ.
100 ദിന കര്മപരിപാടിയുടെ ഭാഗമായി വകുപ്പ് 32 പദ്ധതികള് പൂര്ത്തീകരിച്ചിട്ടുണ്ട്. നേരത്തെ ലൈഫ് മിഷന്റെ ഭാഗമായി നടത്തിയിരുന്ന എസ്സി-എസ്ടി കുടുംബങ്ങള്ക്കുള്ള ഭവന നിര്മാണം ഇനിമുതൽ വകുപ്പുതന്നെ നേരിട്ട് നടത്തുന്നതിനുള്ള മാര്ഗരേഖകള് തയാറായിട്ടുണ്ട്. അര്ഹരായവരില്നിന്ന് അപേക്ഷ ക്ഷണിച്ച് അത് വേഗത്തില് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
വര്ഷങ്ങളായി പൂര്ത്തീകരിക്കാത്ത പദ്ധതികള് അടിയന്തരമായി പൂര്ത്തിയാക്കാന് വിവിധ വകുപ്പുകൾ ഏകോപിച്ചുള്ള പ്രവര്ത്തനം അനിവാര്യമാണ്. ഒക്ടോബര് 15നും ഡിസംബര് 31നും ഇടയില് നടത്തുന്ന ഫയല് അദാലത്തിലൂടെ മുഴുവന് ഫയലുകളും തീര്പ്പാക്കാന് പ്രത്യേക ശ്രദ്ധ നല്കണമെന്നും മന്ത്രി നിര്ദേശിച്ചു. സംസ്ഥാനത്ത് പട്ടികജാതി പട്ടികവര്ഗ പ്രമോട്ടര്മാരെ നിയമിക്കുന്നതിനുള്ള നടപടികള് വേഗത്തിലാക്കും. ജില്ലയുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് മംഗളൂരു ഭാഗങ്ങളിൽ പഠിക്കുന്ന കുട്ടികള്ക്കും പഠനമുറി അനുവദിക്കുന്നത് പരിഗണിക്കുമെന്ന് രാജ്മോഹന് ഉണ്ണിത്താന് എംപിയും എ.കെ.എം. അഷ്റഫ് എംഎല്എയും ഉന്നയിച്ച ആവശ്യത്തിന് മറുപടിയായി മന്ത്രി അറിയിച്ചു. സംസ്ഥാനത്തിനകത്ത് പഠിക്കുന്ന കുട്ടികള്ക്കു മാത്രമാണ് നിലവില് പഠനമുറി അനുവദിക്കുന്നത്.
പാര്ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുള്ള പദ്ധതികള് നടപ്പാക്കുന്നതില് വീഴ്ച വരുത്തരുതെന്ന് രാജ്മോഹന് ഉണ്ണിത്താന് എംപി പറഞ്ഞു. അംബേദ്കര് സെറ്റില്മെന്റ് പദ്ധതികള് സമയബന്ധിതമായി പൂര്ത്തിയാക്കുന്നതില് ജാഗ്രത വേണമെന്ന് ജില്ലാ കളക്ടര് ശ്രീധന്യ സുരേഷ് പറഞ്ഞു. പട്ടികവര്ഗ മേഖലയിലെ വിദ്യാര്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന് സമഗ്ര റിപ്പോര്ട്ട് തയാറാക്കാനും കളക്ടര് നിര്ദേശിച്ചു.
എംഎല്എമാരായ കല്ലട്ര മാഹിന്, കെ. നീലകണ്ഠന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ അബ്ദുള്ളക്കുഞ്ഞി ചെര്ക്കള, എം. ബാലന്, സി.എം. മീനാകുമാരി, കാസര്ഗോഡ് നഗരസഭ ചെയര്പേഴ്സണ് ഷാഹിന സലിം, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര് കെ. ഹിമ, ജില്ലാ പട്ടികവര്ഗ വികസന ഓഫിസര് കെ. മധുസൂദനന്, പരപ്പ ബ്ലോക്ക് പട്ടികവര്ഗ വികസന ഓഫിസര് ജോ ഡാവിഡ്, ജില്ലാ പട്ടികജാതി വികസന ഓഫിസര് കെ. മനോഹരന്, പിന്നോക്കക്ഷേമ വകുപ്പ് മേഖല ഓഫിസർ ബി. പ്രബിന്, കരിന്തളം ഏകലവ്യ മോഡല് റഡിഡന്ഷ്യല് സ്കൂള് പ്രിന്സിപ്പല് രാമേന്ദ്രകുമാർ ദീക്ഷിത് എന്നിവര് പങ്കെടുത്തു.
Tags : NattuVishesham.DistricteNews