കമ്പംമെട്ട്-വണ്ണപ്പുറം മലയോര ഹൈവേയിൽ അമ്മൻചേരി പടിയിലെ വെള്ളക്കെട്ട്.
നെടുങ്കണ്ടം: 98 കോടി രൂപ മുടക്കി നിര്‍മാണം നടത്തി ഉദ്ഘാടനം ചെയ്ത കമ്പംമെട്ട് - വണ്ണപ്പുറം മലയോര ഹൈവേയുടെ ആദ്യ റീച്ചിന്റെ അനുബന്ധ ജോലികള്‍ ഇനിയും ബാക്കി. കമ്പംമെട്ട് മുതല്‍ എഴുകുംവയല്‍ - ആശാരിക്കവല വരെയുള്ള 34 കിലോമീറ്റര്‍ ദൂരത്താണ് പലയിടത്തും അനുബന്ധ ജോലികള്‍ പൂര്‍ത്തിയാകാനുള്ളത്.
ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ രാമക്കല്‍മേട്ടിലെയും പരിസര പ്രദേശങ്ങളിലെയും പ്രവൃത്തികളും മുടങ്ങിയ അവസ്ഥയിലാണ്. ഇത് നാട്ടുകാരുടെയും ഇവിടെ എത്തുന്ന വിനോദ സഞ്ചാരികളുടെയും ജീവനും സുരക്ഷയ്ക്കും വലിയ ഭീഷണിയായി മാറിയിരിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. കോമ്പമുക്ക് മുതല്‍ ഇടത്തറ മുക്കുവരെയും ബാലന്‍പിള്ളസിറ്റി ഭാഗത്തും റോഡിന്റെ ഇരുവശങ്ങളും പൂര്‍ണമായി വീതികൂട്ടി കോണ്‍ക്രീറ്റ് ചെയ്യണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ബംഗ്ലാദേശ് ഭാഗത്തും താന്നിമൂട് അമ്മഞ്ചേരിപ്പടിയിലും ചെറിയ മഴ പെയ്താല്‍പ്പോലും വലിയ വെള്ളക്കെട്ടാണ് രൂപപ്പെടുന്നത്. വെള്ളക്കെട്ട് ഒഴിവാക്കാന്‍ മതിയായ ഓട ഇവിടെ ഇല്ല. പലയിടത്തും റോഡിലേയ്ക്ക് വളര്ന്നുനില്ക്കുന്ന കാടുകള്‍ വാഹനങ്ങളുടെ യാത്രയും ദുഷ്കരമാക്കുകയാണ്.
ഹൈവേയും പൊതുമരാമത്ത് റോഡും ചേരുന്ന അമ്മാവന് പടി ജംഗ്ഷന് അപകടക്കുരുക്കാണ്. നിരന്തരം ഇവിടെ അപകടം ഉണ്ടാകുകയാണ്. റോഡിനായി മണ്ണെടുത്ത് വലിയ മണ്‍തിട്ട രൂപപ്പെട്ട സ്ഥലങ്ങള്‍ കല്ലുകെട്ടിയോ കോണ്‍ക്രീറ്റ് ചെയ്തോ സംരക്ഷിക്കണം എന്ന ആവശ്യവും നിലനിൽക്കുകയാണ്.
റോഡ് നിര്‍മാണത്തിനായി നീക്കംചെയ്ത തെരുവു വിളക്കുകളും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും പുനഃസ്ഥാപിച്ചിട്ടില്ല. അപകട മേഖലകളില്‍ സുരക്ഷാ വേലി, റിഫ്ളക്ടര്, ദിശാ ബോര്‍ഡുകള്‍ എന്നിവയും സ്ഥാപിക്കാനുണ്ട്.
വിഷയം ചൂണ്ടിക്കാട്ടി നാട്ടുകാര്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി, എംപി, എംഎല്‍എ, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനിയർ, ജില്ലാ കളക്ടർ എന്നിവര്‍ക്ക് നിവേദനം നൽകി.
Tags : Hill Highway Nattuvishesham District News