കാഞ്ഞങ്ങാട്: ഡൽഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും നിന്നുള്ള മലയാളികൾ നാട്ടിലെത്തുന്നതിനായി കാലങ്ങളായി ആശ്രയിക്കുന്ന ട്രെയിനാണ് 12618 നിസാമുദ്ദീൻ-എറണാകുളം മംഗള ലക്ഷദ്വീപ് എക്സ്പ്രസ്. സാധാരണഗതിയിൽ രാത്രി 11.18 നാണ് വണ്ടി കാസർഗോട്ടെത്തുന്നത്. പക്ഷേ അവിടം വിട്ടാൽ അടുത്ത സ്റ്റോപ്പ് 11.49ന് നീലേശ്വരത്താണ്. ജില്ലയിലെ ഏറ്റവും തിരക്കേറിയ സ്റ്റേഷനായ കാഞ്ഞങ്ങാട്ട് ഈ ട്രെയിനിന് സ്റ്റോപ്പില്ല.
ദീർഘദൂര ട്രെയിനായതുകൊണ്ട് മിക്ക ദിവസങ്ങളിലും മണിക്കൂറുകൾ വൈകിയാണ് കേരളത്തിലെത്തുന്നത്. നീലേശ്വരത്ത് രാത്രി 11.49ന് എത്തേണ്ടത് മിക്കപ്പോഴും പുലർച്ചെ രണ്ടോ മൂന്നോ ഒക്കെ ആകും. സാധാരണനിലയിൽ കാഞ്ഞങ്ങാട്ടിറങ്ങി മലയോരമേഖലകളിലേക്കും മറ്റും പോകേണ്ട യാത്രക്കാരെല്ലാം ഈ അസമയത്ത് നീലേശ്വരത്തിറങ്ങേണ്ട അവസ്ഥയാണ്.
ഈ ട്രെയിനിൽ നിന്നു നീലേശ്വരത്തിറങ്ങുന്ന യാത്രക്കാരിലധികവും കാഞ്ഞങ്ങാട്ടോ പരിസരപ്രദേശങ്ങളിലോ പോകേണ്ടവരാണെന്ന് റെയിൽവേ ജീവനക്കാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
മലയോരത്തേക്കും മറ്റും രാത്രികാലങ്ങളിൽ കാഞ്ഞങ്ങാട്ട് നിന്ന് കിട്ടുന്ന വാഹനസൗകര്യം നീലേശ്വരത്തുനിന്നു കിട്ടില്ല. പല സ്ഥലങ്ങളിലേക്കും ദൂരക്കൂടുതലുമാണ്. ട്രെയിനിറങ്ങുന്ന യാത്രക്കാരെ കൂട്ടിക്കൊണ്ടുപോകാൻ സ്വന്തം വാഹനവുമായി വരുന്നവർ പോലും ചുറ്റിത്തിരിഞ്ഞ് നീലേശ്വരത്തേക്കു പോകേണ്ട അവസ്ഥയാണ്.
കോവിഡ് കാലത്ത് നിർത്തലാക്കിയ സ്റ്റോപ്പുകൾ പുനഃസ്ഥാപിച്ച സമയത്താണ് മംഗളയുടെ കാര്യത്തിൽ മാത്രം കാഞ്ഞങ്ങാട്ടെ സ്റ്റോപ്പ് ഇല്ലാതായി നീലേശ്വരം മാത്രമായത്.
എന്നാൽ തിരികെ എറണാകുളത്തുനിന്ന് നിസാമുദ്ദീനിലേക്ക് പോകുന്ന 12617 നമ്പർ മംഗളയ്ക്ക് രാത്രി 7.39 ന് നീലേശ്വരത്തും 7.49 ന് കാഞ്ഞങ്ങാട്ടും സ്റ്റോപ്പുണ്ട്. ഇങ്ങോട്ടുവരുന്ന ട്രെയിൻ മാത്രമാണ് കാഞ്ഞങ്ങാട്ട് നിർത്താത്തത്.
നീലേശ്വരത്തെ സ്റ്റോപ്പ് ഒഴിവാക്കണമെന്ന് ആരും പറയുന്നില്ലെന്നും എന്നാൽ പാതിരാത്രിയിൽ എത്തുന്ന ട്രെയിനിന് കാഞ്ഞങ്ങാട്ടു കൂടി സ്റ്റോപ്പ് അനുവദിക്കാൻ റെയിൽവേയ്ക്ക് എന്തു ബുദ്ധിമുട്ടാണ് ഉള്ളതെന്നും യാത്രക്കാർ ചോദിക്കുന്നു.
മറ്റിടങ്ങളിൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാൻ സജീവമായ ഇടപെടലുകൾ നടത്തുന്ന രാജ്മോഹൻ ഉണ്ണിത്താൻ എംപി ഇക്കാര്യത്തിൽ കൂടി ഇടപെടണമെന്നാണ് ആവശ്യം.