ജനകീയ കൂട്ടായ്മയിൽ റോഡ് സഞ്ചാരയോഗ്യമാക്കുന്നു.
വൈക്കം: വലിയ ഗർത്തങ്ങൾ രൂപപ്പെട്ട് തകർന്ന് കാൽനടപോലും ദുഷ്കരമായ വൈക്കം നഗരസഭയുടെ പടിഞ്ഞാറൻ മേഖലയിലെ കാരയിൽ-ആയുർവേദ ആശുപത്രി റോഡ് കുഴികളടച്ച് ജനകീയ കൂട്ടായ്മയിൽ സഞ്ചാരയോഗ്യമാക്കി.
വൻകുഴികൾ രൂപപ്പെട്ട് തകർന്ന റോഡ് മാസങ്ങളായി യാത്ര ദുരിതപൂർണമാക്കിയിട്ടും കുഴിയടക്കാൻപോലും അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് പ്രദേശവാസികൾ കാരയിൽ വാട്ട്സാപ്പ് ഗ്രൂപ്പ് എന്ന പേരിൽ വാട്ട്സാപ്പ് ഗ്രൂപ്പ് ആരംഭിച്ച് ധനശേഖരണം നടത്തിയാണ് റോഡിലെ 500 മീറ്ററോളം ദൂരം കുഴികളടച്ച് സഞ്ചാരയോഗ്യമാക്കിയത്.
കാരയിൽ- ആയുർവേദ ആശുപത്രി റോഡുമായി ബന്ധപ്പെട്ട ഉദയനാപുരം-പനമ്പുകാട് റോഡും പൂർണമായി തകർന്ന നിലയിലാണ്. ചെളിവെള്ളം നിറഞ്ഞ കുഴികളിലകപ്പെട്ട് ഇരുചക്രവാഹന യാത്രികരും അപകടത്തിൽപ്പെടുന്നത് പതിവായിരുന്നു. സർക്കാർ ആയുർവേദ ആശുപത്രി, സ്കൂളുകൾ, ആരാധനാലയങ്ങൾ, കോവിലകത്തുംകടവ് മാർക്കറ്റ് എന്നിവിടങ്ങളിലേക്ക് എത്തുന്നതിന് നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന റോഡാണിത്. തകർന്ന റോഡിലൂടെ കടന്നുപോകുന്ന ഓട്ടോറിക്ഷകൾ, കാറുകൾ, ഇരുചക്ര വാഹനങ്ങൾ തുടങ്ങിയവയ്ക്ക് കേടുപാട് സംഭവിക്കുന്നത് പതിവായിരുന്നു. അഡ്വ. എ. മനാഫ്, ഒന്നാം വാർഡ് മെംബർ പ്രീത അനിൽ, അസ്കർ, കെ.പി. അശോകൻ, ഷാഹുൽ ഹമീദ്, അനീഷ് മുഹമ്മദ്, ആനന്ദ് അശോകൻ, രാജു, അഹമ്മദ് കബീർ തുടങ്ങിയവർ നേതൃത്വം നൽകി.
Tags : Nattuvishesham DistrictNews DeepikaNews Road