ചുങ്കപ്പാറ: വലിയ ആഴ്ചയിലേക്ക് നോമ്പുകാലം അടുക്കുന്നതോടെ നിര്‍മലപുരം കരുവള്ളിക്കാട് കുരിശുമലയിലേക്ക് തീര്‍ഥാടക പ്രവാഹം. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍നിന്നുള്ള തീര്‍ഥാടകര്‍ ഭക്തിസാന്ദ്രമായി മല കയറുന്നുണ്ട്. 24ന് വൈകുന്നേരം നാലിന് വൈദികരുടെ നേതൃത്വത്തിൽ മലകയറ്റമുണ്ട്. രാത്രി ഏഴിന് സമൂഹബലിക്ക് മോൺ. ആന്റണി എത്തയ്ക്കാട്ട് മുഖ്യകാര്‍മികത്വം വഹിക്കും.
നാല്പതാം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് നടക്കുന്ന സംയുക്ത തീര്‍ഥാടനത്തിനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയായി വരുന്നു. ഉച്ചകഴിഞ്ഞ് 2.30ന് ചുങ്കപ്പാറ സെന്റ് ജോര്‍ജ് മലങ്കര പള്ളിയില്‍നിന്നും ആരംഭിക്കുന്ന തീർഥാടനത്തിന് വിവിധ ദേവാലയങ്ങളും ഐക്യ ക്രിസ്തീയവേദിയും നേതൃത്വം നല്‍കും. ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ പീഡാനുഭവ സന്ദേശം നല്‍കും.
മലമുകളിൽ രാത്രി ഏഴിന് വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. തോമസ് മണിയഞ്ചിറ കാര്‍മികത്വം വഹിക്കും. റവ.ഡോ. വര്‍ഗീസ് പുത്തന്‍പുരയ്ക്കല്‍ സന്ദേശം നല്‍കും. 11ന് ഫാ. സിന്‍ജോ തുണ്ടിയിലിന്റെ കാര്‍മികത്വത്തിലും വിശുദ്ധ കുർബാന അർപ്പിക്കും.
നിര്‍മലപുരം പള്ളിയില്‍ 30 മുതല്‍ ഏപ്രില്‍ ഒന്നുവരെ നാല്പതുമണി ആരാധന ക്രമീകരിക്കും. ഏപ്രില്‍ ഒന്നിന് 3.30ന് നിര്‍മലപുരം പള്ളിയില്‍നിന്ന് സമര്‍പ്പിതരുടെ തീര്‍ഥാടനവും രാത്രി എട്ടിന് യുവദീപ്തി-എസ്എംവൈഎം നേതൃത്വത്തില്‍ തീര്‍ഥാടനവും ഉണ്ടാകും.
ചങ്ങനാശേരി അതിരൂപതാ എമരിറ്റസ് ആർച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം തീര്‍ഥാടനത്തിനു നേതൃത്വം നല്‍കും. ചങ്ങനാശേരി അതിരൂപതയിലെ യുവദീപ്തി-എസ്എംവൈഎം പ്രവര്‍ത്തകരുടെ തീര്‍ഥയാത്ര ഏപ്രില്‍ ഒന്നിന് പാറേല്‍ മരിയന്‍ തീര്‍ഥാടന കേന്ദ്രത്തില്‍ നിന്നാണ് ആരംഭിക്കുന്നത്. വിശുദ്ധ വാരത്തിലെ മറ്റു പ്രധാന ദിനങ്ങളിലും കുരിശുമല കയറ്റത്തിനു ക്രമീകരണങ്ങളുണ്ട്.