കോട്ടപ്പുറം: കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റി (കിഡ്സ്) സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍ പാരിഷ് ഹാളില്‍ നടന്ന സമ്മേളനത്തിൽ വനിതാസംരംഭകര്‍ക്കായി മൂന്നുകോടി 14 ലക്ഷം രൂപ വിതരണംചെയ്ത് ലോകവനിതാദിനം ആഘോഷിച്ചു.
കോട്ടപ്പുറം രൂപതാ മെത്രാന് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കിഫ്ബി അഡീഷണല്‍ സിഇഒ മിനി ആന്റണി ഉദ്ഘാടനം നിര്‍വഹിച്ചു. കിഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. നിമേഷ് അഗസ്റ്റിന് കാട്ടാശേരി സ്വാഗതമാശംസിച്ചു. സിനി ആര്‍ട്ടിസ്റ്റും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമായ ആര്‍ദ്ര മോഹന്‍ മുഖ്യാതിഥിയായി. തൃശൂര്‍ ഹാൻഡിക്രാഫ്റ്റ് ഓഫീസര്‍ ദര്‍ശന മുഖ്യപ്രഭാഷണം നടത്തി.
നബാർഡ് ഡിജിഎം സെബിന് ആന്റണി, തൃശൂര്‍ ലീഡ് ബാങ്ക് മാനേജര്‍ ഇ.കെ. അജയ്, കിഡ്സ് അസോ. ഡയറക്ടര്‍ ഫാ. വിനു പടമാട്ടുമ്മല്‍, കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റി കൗണ്‍സിലർ ഷൈബി ജോസഫ്, മികച്ച സംരംഭകയായ മീര, കിഡ്സ് അസി. ഡയറക്ടര്‍ ഫാ. നിഖില്‍ മുട്ടിക്കല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
കിഡ്സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്എച്ച്ജി അംഗങ്ങളായ 240 വനിതാ സംരംഭകര്‍ക്കു സംസ്ഥാന പിന്നാക്കവിഭാഗ വികസന കോര്പറേഷന് എജിഎം വേണുഗോപാല്‍ ഒന്നരക്കോടി രൂപയും, സംസ്ഥാന വനിതാ വികസന കോര്പറേഷന് തൃശൂര്‍ ജില്ലാ കോഓർഡിനേറ്റര്‍ ടി.ആർ. രശ്മി 78 വനിതാ സംരംഭകര്‍ക്ക് 64 ലക്ഷം രൂപയും, ബാങ്ക് ഓഫ് ഇന്ത്യ മൂത്തകുന്നം ബ്രാഞ്ച് മാനേജര്‍ കെ.എസ്. സ്വാതി അഞ്ച് എസ്എച്ച്ജി ഗ്രൂപ്പുകള്‍ക്ക് 50 ലക്ഷം രൂപയും, ഫെഡറല്‍ ബാങ്ക് മാനേജര്‍ അഖില്‍ ബാബു 25 ജെഎൽജി ഗ്രൂപ്പുകൾക്കു 50 ലക്ഷം രൂപയും വായ്പകള്‍ നല്കി വിതരണോദ്ഘാടനം നിര്‍വഹിച്ചു.
വനിതാദിനാചരണത്തിന്റെ ഭാഗമായി കിഡ്സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മികച്ച വനിതാസംരംഭകരെയും സ്വയംസഹായസംഘങ്ങളെയും അവാര്‍ഡ് നല്കി ആദരിച്ചു.