ചെങ്ങന്നൂർ: വൻകുടലിൽനിന്ന് രണ്ടുതവണ കരളിലേക്ക് പടർന്ന കാൻസറിനെ അതിസങ്കീർണ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്ത് ചെങ്ങന്നൂർ ഡോ. കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്. തിരുവനന്തപുരം സ്വദേശിനിയാണ് വിദഗ്ധ ചികിത്സയിലൂടെ രോഗമുക്തി നേടിയത്.
ആദ്യഘട്ടത്തിൽത്തന്നെ വൻകുടലിലെ കാൻസർ കരളിലേക്ക് വ്യാപിച്ചിരുന്നു. പിന്നാലെ ശസ്ത്രക്രിയയിലൂടെ കരളിലെ ട്യൂമർ നീക്കം ചെയ്തിരുന്നു. എന്നാൽ, തുടർന്നും കരളിലേക്ക് രോഗവ്യാപനം കണ്ടെത്തുകയും രോഗിയെ റിപീറ്റ് ലിവർ റിസക്ഷൻ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയുമായിരുന്നു.
കരളിലെ പ്രധാന രക്തക്കുഴലുകൾക്കിടയിലെ ട്യൂമർ സുരക്ഷിതമായി നീക്കം ചെയ്യുക എന്നത് ഡോക്ടർമാർക്ക് വലിയ വെല്ലുവിളിയായിരുന്നു.
രോഗിയുടെ ആരോഗ്യസ്ഥിതി മോശമായതിനാൽ നിശ്ചയിച്ച സമയത്ത് ശസ്ത്രക്രിയ നടത്താനും സാധിച്ചില്ല. എച്ച്പിബി കൺസൾട്ടന്റും ഗ്യാസ്ട്രോ-ഓങ്കോ ആൻഡ് ട്രാൻസ്പ്ലാന്റ് സർജനുമായ ഡോ. മുരളി അപ്പുക്കുട്ടന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം പ്രത്യേക പരിചരണം നൽകിയാണ് രോഗിയെ ശസ്ത്രക്രിയയ്ക്ക് പ്രാപ്തയാക്കിയത്. തുടർന്ന് അതീവ സൂക്ഷ്മതയോടെ നടത്തിയ അതിസങ്കീർണ ശസ്ത്രക്രിയയിലൂടെ ട്യൂമർ പൂർണമായി നീക്കം ചെയ്തു.
Tags : nattu vishesham KMC Hospital successfully