പ്രതീകാത്മക ചിത്രം
കൊല്ലം :ചതുപ്പില്‍ താഴ്ന്ന് അപകടാവസ്ഥയിലായ ആക്കോലില്‍ അനുഗ്രഹ സുനാമി ഫ്ളാറ്റ് സമുച്ചയത്തിലെ 32 ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കും. ഇതുസംബന്ധിച്ച് കൊല്ലം കോര്പ്പറേഷന് കൗണ്‍സില്‍ പ്രമേയം പാസാക്കി.എല്ലാ കൗണ്‍സിലര്‍മാരും പ്രമേയത്തെ അംഗീകരിച്ചു.
സുനാമിയില്‍ വീടുകള്‍ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ നിര്‍മിച്ച ഫ്ലാറ്റുകളാണ് വര്‍ഷങ്ങളായി ചതുപ്പില്‍ താഴ്ന്ന് അപകടഭീഷണി ഉയര്‍ത്തുന്നത്.മഴപെയ്യുമ്പോള്‍ കെട്ടിടങ്ങള്‍ വെള്ളത്തിനടിയിലാകുകയും ഭിത്തികളുടെ ഭാഗങ്ങള്‍ അടര്‍ന്നുവീഴുകയും ചെയ്യുകയാണ്. അതിനാല്‍ കെട്ടിടഭാഗങ്ങള്‍ ഇടിഞ്ഞുവീഴുമെന്ന ഭയത്തിലാണ്. ഉപേക്ഷിച്ച ഫ്ലാറ്റുകള്‍ സമൂഹവിരുദ്ധരുടെ താവളമായും ഇഴജന്തുക്കളുടെ കേന്ദ്രമായും മാറിയിരിക്കുകയാണ്.
നാലുകോടിയിലധികം ചെലവഴിച്ച് ആക്കോലില്‍ ഭവനപദ്ധതിയില്‍ 104 ഫ്ലാാറ്റുകളാണ് നിര്‍മിച്ചത്. ഇതില്‍ 58 എണ്ണം കൈമാറി. ചതുപ്പുനിലത്ത് നിര്‍മിച്ച 32 ഫ്ലാറ്റുകളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇവയുടെ താക്കോല്‍ കൈമാറിയില്ല. മണ്ണുപരിശോധന നടത്താതെ നിര്‍മാണം നടത്തിയതാണ് ഫ്ലാറ്റുകള്‍ താഴാന്‍ കാരണമെന്ന് കരുതുന്നത്.
32 ഫ്ലാറ്റുകള്‍ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് ഔദ്യോഗിക ശിപാര്‍ശ നല്‍കുമെന്ന് ഡിവിഷന് കൗണ്‍സിലര്‍ പറഞ്ഞു. തുടര്‍ന്ന് പ്രദേശവാസികളുമായി ചര്‍ച്ച നടത്തി ഡ്രെയിനേജ് സംവിധാനം, പുതിയ ഫ്ലാറ്റുകള്‍, കമ്യൂണിറ്റി ഹാള്‍ എന്നിവ നിര്‍മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ആക്കോലില്‍ അനുഗ്രഹ ഫ്ലാറ്റുകള്‍ക്കു പുറമേ വള്ളക്കടവ്, സ്നേഹതീരം എന്നിവ ഉൾപ്പടെ കോര്പറേഷന് പരിധിയിലെ ഫ്ലാറ്റുകളുടെ അറ്റകുറ്റപ്പണികള്‍ക്കുള്ള തുക മുഖ്യമന്ത്രി അനുവദിച്ചിട്ടുണ്ട്. വിഷ്ണു മോഹൻ എംഎല്‍എ യുടെ ഇടപെടലിനെത്തുടര്‍ന്നാണ് തുക അനുവദിച്ചത്.
വരുംദിവസങ്ങളില്‍ ഉദ്യോഗസ്ഥരും തഹസില്‍ദാറും സ്ഥലത്തെത്തി എസ്റ്റിമേറ്റ് നടപടികള്‍ പൂര്‍ത്തിയാക്കും.കോര്പറേഷന് പരിധിയിലെ വിവിധ ഡിവിഷനുകളില്‍ അപകടാവസ്ഥയിലായ മുഴുവന്‍ സുനാമി ഫ്ലാറ്റുകളും പൊളിച്ചുനീക്കാനും പുതിയ സമുച്ചയം നിര്‍മിക്കുന്നതിനും കൗണ്‍സില്‍ യോഗം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.