x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടും​ബ​ശ്രീ​യു​ടെ ഓ​ണ​ക്കാ​ല വി​ൽ​പ​ന​യി​ൽ 36.43 ല​ക്ഷ​ത്തി​ന്‍റെ കു​റ​വ്

വെബ് ഡെസ്ക്
Published: September 1, 2026 12:42 AM IST | Updated: September 1, 2026 12:42 AM IST

കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ൽ കു​ടും​ബ​ശ്രീ​യു​ടെ ഓ​ണ​ക്കാ​ല വി​ൽ​പ​ന​യി​ൽ മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ 36.43 ല​ക്ഷ​ത്തി​ന്‍റെ കു​റ​വ്. ക​ഴി​ഞ്ഞ​വ​ർ​ഷം 1.16 കോ​ടി രൂ​പ​യു​ടെ ക​ച്ച​വ​ടം ന​ട​ന്ന​തി​ന്‍റെ സ്ഥാ​ന​ത്ത് ഇ​ത്ത​വ​ണ 79.85 ല​ക്ഷം രൂ​പ​യു​ടെ വി​ൽ​പ​ന മാ​ത്ര​മാ​ണ് ഉ​ണ്ടാ​യ​ത്. ഒ​രു സി​ഡി​എ​സി​നു കീ​ഴി​ൽ ര​ണ്ട് എ​ന്ന നി​ല​യി​ൽ ജി​ല്ല​യി​ലാ​കെ 84 ഓ​ണ​ച്ച​ന്ത​ക​ൾ തു​റ​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​തെ​ങ്കി​ലും മ​ഴ​യും മ​റ്റു പ്ര​തി​കൂ​ല ഘ​ട​ക​ങ്ങ​ളും മൂ​ലം 61 ച​ന്ത​ക​ൾ മാ​ത്ര​മാ​ണ് തു​റ​ന്ന​ത്. ഈ ​ച​ന്ത​ക​ളി​ൽ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​റ്റു​വ​ര​വും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​തി​നേ​ക്കാ​ൾ കു​റ​ഞ്ഞു. ക​ഴി​ഞ്ഞ​വ​ർ​ഷം ഓ​ണ​ച്ച​ന്ത​ക​ളി​ൽ നി​ന്നു​മാ​ത്രം 86.83 ല​ക്ഷ​ത്തി​ന്‍റെ വ​രു​മാ​ന​മു​ണ്ടാ​യ​ത് ഈ ​വ​ർ​ഷം 47.23 ല​ക്ഷ​മാ​യി കു​റ​ഞ്ഞു. ഉ​ത്പ​ന്ന​ങ്ങ​ൾ വാ​ങ്ങാ​നെ​ത്തി​യ​വ​രു​ടെ എ​ണ്ണം ത​ന്നെ കു​ത്ത​നെ കു​റ​ഞ്ഞ​താ​യി വി​വി​ധ കു​ടും​ബ​ശ്രീ ഗ്രൂ​പ്പു​ക​ൾ പ​റ​യു​ന്നു.

കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ മു​ഖേ​ന ഓ​ർ​ഡ​ർ എ​ടു​ത്ത് വി​ത​ര​ണം ചെ​യ്ത ഓ​ണ​സ​ദ്യ​ക​ളു​ടെ എ​ണ്ണ​വും കു​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം 8540 സ​ദ്യ​ക​ളി​ൽ നി​ന്നാ​യി 13.08 ല​ക്ഷം രൂ​പ​യു​ടെ വ​രു​മാ​ന​മു​ണ്ടാ​യി​രു​ന്ന​പ്പോ​ൾ ഇ​ത്ത​വ​ണ അ​ത് 5400 സ​ദ്യ​ക​ളി​ൽ നി​ന്നാ​യി 12.45 ല​ക്ഷ​മാ​യി കു​റ​ഞ്ഞു. പൂ​വി​ൽ​പ​ന​യും പ​ച്ച​ക്ക​റി വി​ൽ​പ​ന​യു​മെ​ല്ലാം ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​തി​നേ​ക്കാ​ൾ ഗ​ണ്യ​മാ​യി കു​റ​ഞ്ഞു.

മ​ഴ​യ്ക്കും പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധം മൂ​ല​മു​ള്ള സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കു​മൊ​പ്പം സം​സ്ഥാ​ന​ത്തെ​യും വി​വി​ധ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ഭ​ര​ണ​മാ​റ്റം മൂ​ലം കു​ടും​ബ​ശ്രീ​യി​ലെ ഇ​ട​ത് അ​നു​കൂ​ല വി​ഭാ​ഗ​ങ്ങ​ളി​ലു​ണ്ടാ​യ മാ​ന്ദ്യ​വും തി​രി​ച്ച​ടി​ക്കു കാ​ര​ണ​മാ​യ​താ​യാ​ണ് നി​ഗ​മ​നം. അ​തേ​സ​മ​യം മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ കു​ടും​ബ​ശ്രീ​യു​ടെ​യും സ​ഹ​ക​ര​ണ​വ​കു​പ്പി​നു കീ​ഴി​ലു​ള്ള ക​ൺ​സ്യൂ​മ​ർ​ഫെ​ഡി​ന്‍റെ​യും ക​ട​ന്നു​വ​ര​വോ​ടെ തീ​ർ​ത്തും മ​ങ്ങി​പ്പോ​യി​രു​ന്ന സ​പ്ലൈ​കോ ഇ​ത്ത​വ​ണ ഇ​വ ര​ണ്ടി​നെ​യും മ​റി​ക​ട​ന്ന് മി​ക​ച്ച നേ​ട്ട​മു​ണ്ടാ​ക്കു​ക​യും ചെ​യ്തു.

സ​പ്ലൈ​കോ​യു​ടെ ഓ​ണ​ച്ച​ന്ത​ക​ളി​ലും സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും മാ​വേ​ലി സ്റ്റോ​റു​ക​ളി​ലു​മെ​ല്ലാം ഇ​ത്ത​വ​ണ സാ​ധ​ന​ങ്ങ​ളു​ടെ ക്ഷാ​മം ഒ​ട്ടു​മു​ണ്ടാ​യി​ല്ല. ഇ​താ​ദ്യ​മാ​യി നീ​ലേ​ശ്വ​ര​ത്തു​വ​ച്ചു ന​ട​ത്തി​യ ജി​ല്ലാ​ത​ല മേ​ള​യി​ൽ 12 ദി​വ​സം കൊ​ണ്ട് 32 ല​ക്ഷം രൂ​പ​യു​ടെ വി​റ്റു​വ​ര​വാ​ണ് ല​ഭി​ച്ച​ത്. കാ​ഞ്ഞ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ഓ​ണ​ച്ച​ന്ത​യി​ലും ഔ​ട്ട്‌​ലെ​റ്റി​ലു​മാ​യി 25 ദി​വ​സം കൊ​ണ്ട് 50.05 ല​ക്ഷം രൂ​പ​യു​ടെ ക​ച്ച​വ​ടം ന​ട​ന്നു. ഉ​ദു​മ മ​ണ്ഡ​ല​ത്തി​ൽ 28 ല​ക്ഷം രൂ​പ​യു​ടെ​യും കാ​സ​ർ​ഗോ​ഡ് 42 ല​ക്ഷം രൂ​പ​യു​ടെ​യും മ​ഞ്ചേ​ശ്വ​ര​ത്ത് 12.5 ല​ക്ഷം രൂ​പ​യു​ടെ​യും വി​റ്റു​വ​ര​വാ​ണ് ല​ഭി​ച്ച​ത്.

Tags : Nattuvishesham Districtnews Deepikanews Kudumbashree's

Recent News

Corehub Up