ചിറ്റൂർ ഗവ. കോളജിനു സമീപത്തെ പുഴപ്പാലം.
ചിറ്റൂർ: ഗവ. കോളജിനു സമീപം പാലം നവീകരണം തുടങ്ങുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം രണ്ടുമാസത്തേക്കു നിരോധിച്ചു. ഈമാസം അഞ്ചുമുതലാണ് നിരോധനം പ്രാബല്യത്തിൽ വരിക.
പ്രധാന പാതയിലെ ഗതാഗത നിരോധനം ചർച്ചചെയ്യാനും മുൻകരുതലെടുക്കാനും നഗരസഭാ ഹാളിൽ സുമേഷ് അച്യുതൻ എംഎൽഎയുടെ നേതൃത്വത്തിൽ യോഗം ചേർന്നു.
പാലത്തിൽ സ്ലാബുകൾ യോജിക്കുന്ന സ്ഥലത്തെ ബെയറിംഗ് പുനർനിർമിക്കൽ പ്രവൃത്തികളാണ് നടത്തുക. എല്ലാ സ്ലാബുകളും ശരിപ്പെടുത്താൻ ഒരു മാസവും, സ്ലാബുകൾക്ക് മുകളിൽ കോൺക്രീറ്റ് ജോലികൾക്ക് ഒരുമാസം വേണ്ടി വരുന്നതിനാൽ രണ്ടു മാസക്കാലാവധിയാണ് നിർമാണത്തിന് നിശ്ചയിച്ചിരിക്കുതെന്നു യോഗത്തിൽ വിശദീകരിച്ചു.
ആലോചനാ യോഗത്തിൽ നഗരസഭാ ചെയർമാൻ ആർ. ബാബു അധ്യക്ഷത വഹിച്ചു. കൗൺസിലർ ജെയിൻ ഹില്ലാരിയോസ്, പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ്, പ്രൈവറ്റ് ബസ് ഓണേഴ്സ് താലൂക്ക് സെക്രട്ടറി സുധാകരൻ, മറ്റു നഗരസഭാ കൗൺസിലർമാർ, പൊതുമരാമത്ത് റോഡ് വിഭാഗം അസിസ്റ്റന്റ് എൻജിനിയർ, വാട്ടർ അഥോറിറ്റി, പൊലിസ്, ഫയർഫോഴ്സ് വിഭാഗം പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
ഗതാഗത നിയന്ത്രണം
നെന്മാറ, ആലത്തൂർ, തൃശൂർ ഭാഗത്തുനിന്നും കോയമ്പത്തൂരിലേക്കുള്ള കെഎസ്ആർടിസി, സ്വകാര്യ ബന്ധുകളം മറ്റു വലിയ വാഹനങ്ങളം മേട്ടുപ്പാളയം , വണ്ടിത്താവളം , അണിക്കോട് വഴി കടന്നുപോകണം.
വേലന്താവളം, നടുപ്പുണി, ഗോപാലപുരം ഭാഗത്തു നിന്നും വരുന്ന ബസുകൾ നവീകരണം നടക്കുന്ന പുഴപ്പാലത്തിന്റെ കിഴക്കു ഭാഗത്തു നിർത്തിയിടും. യാത്രക്കാർ ഈ സ്ഥലത്ത് ബസിറങ്ങി പാലത്തിൽഏർപ്പെടുത്തുന്ന നടപ്പാത വഴി എതിർവശത്തെത്തി അവിടെ നിർത്തിയിരിക്കുന്ന ബസിൽ പടിഞ്ഞാറ് ഭാഗത്തേക്കുളള ബസിൽ കയറാവുന്നതാണ്.
ചിറ്റൂർ കോളജ് , ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ, ചിറ്റൂർ വിക്ടോറിയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളും പാലത്തിലെത്തി ബസ് മാറിക്കയറണം. വണ്ടിത്താവളം, വിളയോടി, അണിക്കോട് വഴി ഭാരവാഹന വാഹനങ്ങൾക്ക് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ വിഷയത്തിൽ പൊലിസ് നടപടികൾക്ക് നിർദേശം നൽകിയിട്ടുണ്ട് .