ഓശാന ഞായർ ആചരണത്തിന്റെ ഭാഗമായി കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന പള്ളിയിൽ നടന്ന പ്രദക്ഷിണം.
കുറവിലങ്ങാട്: പതിറ്റാണ്ടുകൾക്ക് മുമ്പ് പൂർവികർ തുടങ്ങിയ നേർച്ചയെ അണുവിട തെറ്റാതെ ആവർത്തിച്ച് വിളമ്പി നൽകിയതിൽ ദൈവസന്നിധിയിൽ നന്ദിചൊല്ലുകയാണ് കളത്തൂർ കരക്കാർ. സ്ത്രീകൾ അഭിമാനസംരക്ഷണത്തിൽ നേരിട്ട വെല്ലുവിളിക്കെതിരേ നടത്തിയ പടയോട്ടത്തിന്റെ പേരിൽ ആരംഭിച്ച നേർച്ചയ്ക്ക് ഓശാനയുടെ വിശുദ്ധികൂടി ചേർന്നുനിൽക്കുമ്പോൾ മുത്തിയമ്മയുടെ മക്കൾക്കും ഏറെ സന്തോഷം.
ഓശാന ഞായറിൽ കളത്തൂർ കരക്കാർ കുറവിലങ്ങാട് മുത്തിയമ്മയുടെ തിരുനടയിൽ വിളമ്പി നൽകുന്ന തമുക്ക് നേർച്ച സ്വീകരിക്കാൻ ഇക്കുറിയും ആയിരങ്ങളാണ് എത്തിയത്. വറുത്ത അരിയും പഴവും ശർക്കരയും ചേർത്തൊരുക്കി വിളമ്പി നൽകുന്ന നേർച്ച സ്വീകരിക്കുന്നതിനായി ദൂരസ്ഥലങ്ങളിൽ നിന്നടക്കമുള്ളവർ എത്തിച്ചേർന്നിരുന്നു.
ഓശാന ഞായർ തിരുക്കർമങ്ങളിലും നേർച്ച് ആശീർവദിക്കുന്നതിലും ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി കാർമികത്വം വഹിച്ചു. സീനിയർ അസി. വികാരി ഫാ. ജോസഫ് മണിയഞ്ചിറ, അസി. വികാരിമാരായ ഫാ. തോമസ് താന്നിമലയിൽ, ഫാ. ജോസഫ് ചൂരയ്ക്കൽ, ഫാ. ജോവാനി കുറുവാച്ചിറ, ഫാ. ജോർജ് ചാത്തൻകുന്നേൽ, പാസ്റ്ററൽ അസിസ്റ്റന്റ് ഫാ. ജോസ് കോട്ടയിൽ, ദേവമാതാ കോളജ് വൈസ് പ്രിൻസിപ്പൽ ഫാ. മാത്യു കവളമ്മാക്കൽ എന്നിവർ തിരുക്കർമങ്ങളിൽ സഹകാർമികരായി.
Tags : Kuravilangad nattuvishesham local news