സുൽത്താൻ ബത്തേരി: എൽഡിഎഫ് സ്ഥാനാർഥി എം.എസ്. വിശ്വനാഥൻ ബത്തേരി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി.
ശാന്തിനഗർ ഹൗസിംഗ് കോളനി, തിരുനെല്ലി കുറുമ ഉന്നതി, അൽവെർണ ആശ്രമം എന്നിവിടങ്ങൾ സന്ദർശിച്ച സ്ഥാനാർഥി നാട്ടുകാരുമായി ആശയവിനിമയം നടത്തി വോട്ട് അഭ്യർഥിച്ചു.
പര്യടനത്തിന്റെ ഭാഗമായി സെന്റ് മേരീസ് കോളജ്, ഡോണ്‍ ബോസ്കോ കോളജ് എന്നിവിടങ്ങളിലെ വിദ്യാർഥികളെയും അധ്യാപകരെയും സന്ദർശിച്ച അദ്ദേഹം വിദ്യാഭ്യാസ മേഖലയിലെ വികസന പദ്ധതികൾ വിശദീകരിച്ചു. യുവജനങ്ങളുടെ തൊഴിൽ സാധ്യതകൾ വർധിപ്പിക്കാനുള്ള എൽഡിഎഫ് നയങ്ങൾക്കും മുൻഗണന നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
മൂലങ്കാവ് തൊഴിലുറപ്പ് ജോലിസ്ഥലം സന്ദർശിച്ച സ്ഥാനാർഥി തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി അവരുടെ പ്രശ്നങ്ങൾ കേട്ടു. കുന്തളകുന്ന് ക്ഷേത്ര ഉത്സവ വേദിയിലും വോട്ട് അഭ്യർഥിച്ചു.
വികസനവും ക്ഷേമ പദ്ധതികളും മുൻനിർത്തിയാണ് ഇത്തവണ ജനവിധി തേടുന്നതെന്ന് എം.എസ്. വിശ്വനാഥൻ പറഞ്ഞു. പര്യടനത്തിനിടെ വിവിധ ഇടങ്ങളിലായി പ്രവർത്തകരും നാട്ടുകാരും സ്വീകരണം നൽകി.