പഞ്ചായത്ത് ഭരണസമിതി യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോകുന്നു.
ചെറുപുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് ചെറുപുഴ പഞ്ചായത്ത് ഓഫീസിലേക്ക് എൽഡിഎഫിന്റെ മാർച്ച് നാളെ നടക്കുമെന്ന് എൽഡിഎഫ് നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് കേരള കോൺഗ്രസ് നേതാവ് കെ.ടി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാർ വലിയതോതിലാണു തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ചിരിക്കുന്നതെന്നും ഇതു സാധാരണ ജനങ്ങൾക്കായി നടപ്പിലാക്കേണ്ട പല ക്ഷേമപ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും നേതാക്കൾ പറഞ്ഞു.
ഫണ്ട് വെട്ടിക്കുറച്ചതിനെതിരേ എൽഡിഎഫ് അംഗങ്ങൾ ചെറുപുഴ പഞ്ചായത്ത് ബോർഡിൽ അവതരിപ്പിച്ച പ്രമേയം ചർച്ചചെയ്യാത്തതിലും മറ്റംഗങ്ങൾ പ്രമേയത്തെ എതിർത്തതിലും പ്രതിഷേധിച്ച് എൽഡിഎഫ് അംഗങ്ങൾ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി.
പത്രസമ്മേളനത്തിൽ എൽഡിഎഫ് നേതാക്കളായ കെ.എം. ഷാജി, കെ.ആർ. ചന്ദ്രകാന്ത്, ഡെന്നി കാവാലം, പഞ്ചായത്തംഗങ്ങളായ പി.ജെ. ജോസ്, പി.വി. വിജയൻ, സീമ മുകുന്ദൻ, മഞ്ജു വിനോദ്, ശ്രുതി രാജേഷ് എന്നിവർ പങ്കെടുത്തു.
Tags : LDF March NattuVishasham DistrictNews