ഹോം വോട്ടിംഗ് ഇന്നുമുതൽ
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ 85 വയസിനു മുകളില്‍ പ്രായമുള്ളവര്‍, പിഡബ്ല്യുഡി വിഭാഗക്കാരായ ഭിന്നശേഷിക്കാര്‍, കിടപ്പുരോഗികള്‍ എന്നിവര്‍ക്കുള്ള ഹോം വോട്ടിംഗ് ഇന്നുമുതല്‍ ആരംഭിക്കും.
ജില്ലയില്‍ 14579 വോട്ടര്‍മാരാണ് ഹോം വോട്ടിംഗിന് അപേക്ഷിച്ചിട്ടുള്ളത്. ഇതില്‍ 11642 പേര് 85 വയസിനു മുകളില്‍ പ്രായമുള്ളവരും 2937 പേര് ഭിന്നശേഷിക്കാരുമാണ്.
ജില്ലയില്‍ 12 മണ്ഡലങ്ങളിലായി വോട്ട് രേഖപ്പെടുത്തുന്നതിനായി 219 ഉദ്യോഗസ്ഥ സംഘങ്ങളെയും സജ്ജമാക്കിയിട്ടുണ്ട്.
ഉദ്യോഗസ്ഥ സംഘത്തില്‍ പോളിംഗ് ഓഫീസര്‍, പോളിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്സര്‍വര്‍, വീഡിയോഗ്രാഫര്‍, പോലീസ് ഉദ്യോഗസ്ഥന് എന്നിവര്‍ ഉള്‍പ്പെടുന്നു.
രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സമയം നിശ്ചയിച്ചിരിക്കുന്നത്.
പോളിംഗ് ബൂത്തുകളില്‍ നേരിട്ടെത്തി വോട്ടുചെയ്യാന്‍ സാധിക്കാത്ത വ്യക്തികള്‍ക്കാണ് ഹോം വോട്ടിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നത്.
വോട്ടറുടെ സ്വകാര്യതയും വോട്ടിന്റെ രഹസ്യസ്വഭാവവും ഉറപ്പുവരുത്തിയാണ് വോട്ട് രേഖപ്പെടുത്തുന്നതിനു സൗകര്യമൊരുക്കുക. വോട്ടെടുപ്പിനു ശേഷം ബാലറ്റ് സുരക്ഷിതമായി സീല്‍ചെയ്ത് നിശ്ചിതകേന്ദ്രത്തിലെത്തിച്ചു സൂക്ഷിക്കും.
ജില്ലയിൽ 25 പിങ്ക് ബൂത്തുകൾ;
ഭിന്നശേഷി വിഭാഗത്തിന്റെ
മേൽനോട്ടത്തിൽ ഒരു ബൂത്ത്
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ സ്ത്രീകൾ മാത്രം നിയന്ത്രിക്കുന്ന 25 പിങ്ക് ബൂത്തുകൾ.
പാലക്കാട് നിയോജക മണ്ഡലത്തിലെ മൂന്നും (30, 112, 167) മറ്റെല്ലാ മണ്ഡലങ്ങളിലും രണ്ടുവീതവുമാണ് പിങ്ക് ബൂത്തുകൾ. തൃത്താല - 30, 70, പട്ടാമ്പി - 23, 94, ഷൊർണ്ണൂർ- 47, 75, ഒറ്റപ്പാലം - 49, 174, കോങ്ങാട് - 88,111, മണ്ണാർക്കാട് - 98, 136, മലമ്പുഴ 131, 153, തരൂർ - 6,152, ചിറ്റൂർ - 111, 126, നെന്മാറ - 22, 151, ആലത്തൂർ - 5, 91 ബൂത്തുകളാണിവ. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗസ്ഥരായിരിക്കും പാലക്കാട് നിയോജക മണ്ഡലത്തിലെ 130-ാം നമ്പർ ബൂത്ത് നിയന്ത്രിക്കുന്നത്. ഇതിനുപുറമെ ജില്ലയിൽ മണ്ണാർക്കാട്, തൃത്താല, ഷൊർണൂർ നിയോജകമണ്ഡലങ്ങളിൽ ഒന്നുവീതം അനുബന്ധ ബൂത്തുകളും പട്ടാമ്പി നിയോജക മണ്ഡലത്തിൽ രണ്ട് അനുബന്ധ ബൂത്തുകളും സജ്ജമാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് സമയത്ത് പ്രധാന പോളിംഗ് സ്റ്റേഷനിലെ വോട്ടർമാരുടെ എണ്ണം കൂടുമ്പോൾ സൗകര്യപ്രദമായി വോട്ട് രേഖപ്പെടുത്താനായി സമീപത്ത് സജ്ജീകരിക്കുന്ന താത്കാലിക ബൂത്തുകളാണ് അനുബന്ധ ബൂത്തുകൾ.
Tags : Legislative Assembly elections nattuvishesham local news