മാനിക്കുനി സ്റ്റേഡിയത്തിന് സമീപത്തെ ഊരിലെ നിലവിലുള്ള ശൗചാലയം.
സുൽത്താൻ ബത്തേരി: നഗരത്തിന്റെ ഹൃദയഭാഗത്ത് അടിസ്ഥാന സൗകര്യങ്ങളില്ലാതെ 54 കുടുംബങ്ങൾ. മാനിക്കുനി സ്റ്റേഡിയത്തിന് സമീപത്തെ ഊരിലാണ് ഇത്രയും കുടുംബങ്ങളിലായി 300 ഓളം പേർ ദുരിതജീവിതം നയിക്കുന്നത്.
ഊരിലെ പ്രധാന പ്രശ്നം ശൗചാലയ സൗകര്യത്തിന്റെ അപര്യാപ്തതയാണ്. ആകെയുള്ളത് നാല് ശൗചാലയങ്ങൾ മാത്രമാണ്. കുടിവെള്ളം, കുളിമുറി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും അപര്യാപ്തമാണ്. ഇതോടെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ സമീപത്തെ പറന്പുകളെയും തുറസായ സ്ഥലങ്ങളെയും ആശ്രയിക്കേണ്ട അവസ്ഥയിലാണ്. തുറസായ സ്ഥലങ്ങളിലെ മലമൂത്ര വിസർജനം സമീപത്തെ തോടുകളിലേക്ക് ഒഴുകുന്നതും പരിസര മലിനീകരണത്തിനും ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്.
ശൗചാലയ സൗകര്യം ഒരുക്കാൻ നിലവിലെ സ്ഥലം അനുയോജ്യമല്ലെന്ന സാങ്കേതിക വാദമാണ് അധികൃതരുടെ ഭാഗത്തുനിന്നുള്ളതെന്ന് ഊരുനിവാസികൾ പറയുന്നു. എന്നാൽ ഇതിന്റെ പേരിൽ ഇത്രയധികം കുടുംബങ്ങൾക്ക് മതിയായ ശുചിമുറി സൗകര്യം നിഷേധിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ഇവരുടെ നിലപാട്. സ്ത്രീകളും കുട്ടികളും നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്ന ആവശ്യവും ശക്തമാണ്.
ഷീറ്റുകൾ വലിച്ചുകെട്ടിയ ഷെഡുകളിൽ
അടച്ചുറപ്പുള്ള വീടുകളില്ലാത്ത കുടുംബങ്ങളും ഉന്നതിയിലുണ്ട്. ടാർപോളിനും പ്ലാസ്റ്റിക് ഷീറ്റുകളും വലിച്ചുകെട്ടിയ ഷെഡുകളിലാണ് പലരും കഴിയുന്നത്. മഴ പെയ്താൽ വെള്ളം കയറുന്നതും ചെളി നിറയുന്നതും ദുരിതം ഇരട്ടിയാക്കുന്നു. കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യങ്ങളും പല വീടുകളിലുമില്ല.
വീടുപണി പാതിവഴിയിൽ
പഴയ വീടുകൾ പൊളിച്ചുമാറ്റി പുതിയ വീടുകൾ നിർമിച്ചുനൽകാമെന്ന വാഗ്ദാനം വർഷങ്ങൾ കഴിഞ്ഞിട്ടും യാഥാർഥ്യമായില്ലെന്നാണ് നിവാസികളുടെ പരാതി. വീടുപണി ഏറ്റെടുത്ത ചില കരാറുകാർ നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചതായും പറയുന്നു. പണി പൂർത്തിയാക്കി താമസയോഗ്യമാക്കിയ ഒരു വീട് പോലും ഇവിടെ ഇല്ലെന്നും നിവാസികൾ ആരോപിക്കുന്നു. ട്രൈബൽ വകുപ്പ് 12 കുടുംബങ്ങൾക്ക് വീട് അനുവദിച്ചിട്ടുണ്ടെങ്കിലും ശേഷിക്കുന്ന കുടുംബങ്ങളുടെ വീടുനിർമാണവുമായി ബന്ധപ്പെട്ട സാന്പത്തികവും നടപടിക്രമപരവുമായ പ്രശ്നങ്ങൾ തുടരുകയാണ്.
അടിസ്ഥാന സൗകര്യങ്ങൾ വേണം
സുരക്ഷിതമായ താമസം, ശുദ്ധമായ കുടിവെള്ളം, മതിയായ ശൗചാലയകുളിമുറി സൗകര്യം, വൈദ്യുതി, കുട്ടികളുടെ പഠനസൗകര്യം എന്നിവ ഉറപ്പാക്കണമെന്നാണ് ആവശ്യം. നഗരത്തിന്റെ വികസനത്തിന്റെയും ശുചിത്വത്തിന്റെയും അവകാശവാദങ്ങൾക്കിടയിൽ നഗരസഭാ ആസ്ഥാനത്തിന് സമീപം 54 കുടുംബങ്ങൾ ഇത്തരമൊരു ദുരിതജീവിതം നയിക്കുന്ന സാഹചര്യം അടിയന്തരമായി പരിഹരിക്കണമെന്നാണ് ആവശ്യം.
Tags : Nattuvishesham DistrictNews DeepikaNews