മെഡിക്കൽ വാർഡ് പരിസരത്ത് മതിയായ വെളിച്ചമില്ലാത്ത നിലയിൽ.
കാഞ്ഞിരപ്പള്ളി: ആയിരക്കണക്കിന് രോഗികൾ ദിനംപ്രതി എത്തുന്ന കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി ഇരുട്ടിന്റെ പിടിയിൽ. പലയിടത്തും ലൈറ്റുകൾ പ്രവർത്തിക്കാതായതാണ് പ്രശ്നം സൃഷ്ടിക്കുന്നത്.
ജനറൽ ആശുപത്രി കവാടം തന്നെ രാത്രികാലങ്ങളിൽ ഇരുട്ടിലാണ്. പോലീസ് എയ്ഡ് പോസ്റ്റിന് സമീപം എത്തിയാൽ ഇടയ്ക്കിടെ മിന്നിക്കത്തുന്ന ലൈറ്റുണ്ട്. ഇതും പലപ്പോഴും കത്താറില്ല. തുടർന്ന് കവാടം മുതൽ പുതിയ ആശുപത്രി കെട്ടിടം വരെ വെളിച്ചം നിഴൽ പോലെ മാത്രമാണുള്ളത്. മെഡിക്കൽ വാർഡ് പരിസരത്ത് അടക്കം രാത്രിയിൽ മതിയായ വെളിച്ചമില്ലാത്ത അവസ്ഥയാണ്. പ്രസവവാർഡിലേക്ക് ഇറങ്ങിപ്പോകുന്ന വഴി പോലും വെളിച്ചമില്ലാത്തതിനാൽ കാണാനാകില്ല. നടന്നുപോകുന്നവർ പരസ്പരം കൂട്ടിമുട്ടാതിരിക്കണമെങ്കിൽ ഇവിടെ വെളിച്ചം കയ്യിൽ കരുതേണ്ട സ്ഥിതിയാണ്. ഈ കെട്ടിടത്തിന്റെ പുറകിലാകെ ഇരുട്ടാണ്. പഴയ കെട്ടിടങ്ങളുടെ പരിസരമെല്ലാം സന്ധ്യ കഴിഞ്ഞാൽ ഇരുട്ടിന്റെ പിടിയിലാണ്.
ആശുപത്രിയുടെ മറ്റൊരു കവാടത്തിൽ ദേശീയപാതയോരത്തെ ഹൈമാസ്റ്റ് ലൈറ്റ് കേടായിട്ട് നാളുകൾ കഴിഞ്ഞിട്ടും ഇതുവരെ നന്നാക്കിയിട്ടില്ല. ബസിൽ വന്നിറങ്ങുന്ന രോഗികളടക്കം ഇതു വഴിയാണ് ആശുപത്രിയിലേക്ക് വരുന്നതും പോകുന്നതും. കൂടാതെ കൂട്ടിരിപ്പുകാർ രാത്രി ഭക്ഷണം വാങ്ങാനടക്കം പോകുന്നത് ഇതുവഴിയാണ്. ഇവിടെ രോഗികൾ നടന്നു പോകുന്ന വഴിയിലെ നടകൾ പോലും ഇരുട്ടിലാണ്.
തെരുവുനായ്ക്കളുടെ അടക്കം ശല്യമുള്ള ഇവിടെ മതിയായ വെളിച്ചമില്ലാത്തത് രോഗികൾക്കും കൂട്ടിരുപ്പുകാർക്കും വലിയ ഭീഷണിയാവുകയാണ്. ഇഴജന്തുക്കളുടെ ശല്യവും ഇവിടെയുണ്ട്. നേരത്തെ ഒന്നിലേറെ തവണ ആശുപത്രി പരിസരത്തു നിന്ന് പാമ്പുകളെ പിടികൂടിയിരുന്നു. കൂടാതെ മതിയായ വെളിച്ചമില്ലാത്തത് സാമൂഹിക വിരുദ്ധ പ്രവർത്തനത്തിന് ഇടയാക്കുമെന്നും ആക്ഷേപമുണ്ട്. കേടായ ലൈറ്റുകൾ മാറ്റി സ്ഥാപിക്കുന്നതിനൊപ്പം ശക്തി കൂടിയ ഹൈമാസ്റ്റ് ലൈറ്റുകൂടി പുതിയതായി സ്ഥാപിച്ചാൽ ആശുപത്രി പരിസരത്ത് മതിയായ വെളിച്ചം എത്തും.