2016 മുതൽ 2022 വരെയുള്ള നികുതി ഒഴിവാക്കിയ ഉത്തരവ് നടപ്പാക്കണമെന്നും അജൻഡയിൽ ഉൾപ്പെടുത്തി ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് കോർപറേഷൻ കൗണ്‍സിലിൽ മേയർ ഡ
തൃശൂർ: കോർപറേഷൻ കൗണ്‍സിലിൽ ആളിക്കത്തി വസ്തുനികുതി പരിഷ്കാരം. നികുതി ഒഴിവാക്കിയ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്നും അജൻഡയിൽ ഉൾപ്പെടുത്തി ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് എൽഡിഎഫും ജില്ലാ ജനറൽ ആശുപത്രിയിൽ സുരേഷ് ഗോപി എംപി അനുവദിച്ച രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി ലാബ് പ്രാവർത്തികമാക്കണമെന്നും ആവശ്യപ്പെട്ടു ബിജെപിയും പ്രതിഷേധിച്ചതോടെ കൗണ്‍സിൽ യോഗം ബഹളത്തിൽ മുങ്ങി. പ്ലക്കാർഡുകളും പ്രതിഷേധക്കുറിപ്പുകളുമായാണ് എൽഡിഎഫ്, എൻഡിഎ അംഗങ്ങൾ എത്തിയത്.
പ്രതിഷേധം കനത്തതോടെ ഉച്ചയ്ക്ക് ഒന്നിനു കൗണ്‍സിൽ പിരിച്ചുവിട്ടെങ്കിലും മേയറുടെ ചേംബറിനു മുന്നിൽ എൽഡിഎഫ് പ്രതിഷേധം തുടർന്നു. തുടർന്നു കൗണ്‍സിലർമാരെ പൊലിസ് അറസ്റ്റ് ചെയ്തു നീക്കി. കൗണ്‍സിൽ ഹാളിൽനിന്നു ചേംബറിലേക്കു പോയ മേയർക്കു പിന്നാലെയെത്തി എൽഡിഎഫ് പ്രതിഷേധിച്ചതോടെ യുഡിഎഫ് കൗണ്‍സിലർമാർ കവചമൊരുക്കി.
സുപ്രീം കോടതി ഉത്തരവനുസരിച്ചു 2016 മുതൽ 2022 വരെയുള്ള വസ്തുനികുതി റദ്ദാക്കിയത് അടിയന്തരമായി നടപ്പാക്കണമെന്നുകാട്ടി കഴിഞ്ഞ സെപ്റ്റംബറിൽ സംസ്ഥാന സർക്കാർ കോർപറേഷനു കത്തു നൽകിയെന്നും നടപ്പാക്കാതെ രണ്ടുമാസം പൂഴ്ത്തിയെന്നും പ്രതിപക്ഷനേതാവ് ടി.ആർ. ഹിരണ്‍ ആരോപിച്ചു.
കത്ത് അടിയന്തര അജൻഡയായി കൗണ്‍സിലിൽ വയ്ക്കണമെന്ന് എൽഡിഎഫ് കൗണ്‍സിലർമാർ ഉന്നയിച്ചെങ്കിലും മേയർ ബെല്ലടിച്ചു കൗണ്‍സിൽ പിരിച്ചുവിടുകയുമായിരുന്നു. മേയറുടെ ചേംബറിനു മുന്നിൽ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തു നീക്കിയത് ജനാധിപത്യശബ്ദങ്ങളെ ഇല്ലാതാക്കുന്ന നടപടിയാണെന്നും പ്രതിപക്ഷം ആരോപിച്ചു.
നികുതിപരിഷ്കാരം സംബന്ധിച്ച അന്തിമ വിജ്ഞാപനത്തെ ക്കുറിച്ചു പത്രപ്പരസ്യം നൽകിയില്ലെന്ന പിഴവാണു ഹൈക്കോ ടതിയും സുപ്രീംകോടതിയും ചൂണ്ടിക്കാട്ടിയത്. കോർപറേഷൻ പരിധിയിലെ ഒന്നരലക്ഷത്തോളം ജനങ്ങൾ നികുതി അടച്ചുകൊണ്ടിരിക്കുകയാണ്.
നികുതി അടിയന്തരമായി നിർത്തലാക്കണമെന്നും പുതിയ ഡിമാൻഡ് നോട്ടീസ് നൽകണമെന്നും യോഗത്തിൽ അടിയന്തര അജൻഡയായി പരിഗണിക്കണമെന്നുമാണ് ആവശ്യമെന്നും ഹിരണ്‍ പറഞ്ഞു.
വസ്തുനികുതി പരിഷ്കരണത്തിന്റെ പേരിൽ അധികനികുതി പിരിച്ചെടുത്ത മുൻ ഭരണസമിതിക്കെതിരേ 198 കെട്ടിട ഉടമകളാണ് കോടതിയിൽ ഹർജി നൽകിയത്. സുപ്രീംകോടതി വിധിപ്രകാരം നടപടിയെടുക്കാനായിരുന്നു ആദ്യ യുഡിഎഫ് കൗണ്‍സിലിന്റെ തീരുമാനം.
Tags : Corporation Council Nattuvishesham DistrictNews