നാട്ടിക ടോളിനെതിരേ സുരേഷ് ഗോപിയുടെ ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് കെ.കെ. വത്സരാജ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
തൃപ്രയാർ: ദേശീയപാത 66 നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാതെ യുള്ള ടോൾ പിരിവ് നിർത്തിവയ്ക്കുക, പ്രദേശവാസികളായ വാഹന ഉടമകൾക്ക് ടോൾ സൗജന്യമാക്കുക, പാലങ്ങളും സർവീസ് റോഡുകളും ഉടൻ നിർമാണം പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ സുരേഷ് ഗോപിയുടെ ഓഫിസിലേക്ക് ബഹുജന മാർച്ച് നടത്തി.
സംസ്ഥാന, കേന്ദ്ര സർക്കാരുകൾ ഈ വിഷയത്തിൽ മൗനം തുടരുകയാണ്. ഇരുകൂട്ടരും ടോൾ കമ്പനിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. തൃശൂർ എം പിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ഈ വിഷയത്തിൽ നാളിതുവരെയായി ഒരു പ്രതികരണംപോലും നടത്തിയിട്ടില്ല. വിഷയത്തിൽ സുരേഷ് ഗോപി അടിയന്തരമായി ഇടപെടണമെന്നും ജനങ്ങളുടെ പ്രശ്നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് മാർച്ച് സംഘടിപ്പിച്ചത്. ചെമ്പൂക്കാവിൽ നിന്നാരംഭിച്ച മാർച്ചിൽ നിരവധിപേർ പങ്കെടുത്തു. പെരിങ്ങാവിലുള്ള സുരേഷ് ഗോപി എംപിയുടെ ഓഫിസ് പരിസരത്ത് പൊലിസ് മാർച്ച് തടഞ്ഞു.
കെ.കെ. വത്സരാജ് എംഎൽഎ ഉദ്ഘാടനംചെയ്തു. സിപിഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം കെ.പി. സന്ദീ പ് അധ്യക്ഷനായി. സിപി എം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ, എൻ.കെ. അക്ബർ എംഎൽഎ, പി.കെ. ചന്ദ്രശേഖരൻ , അഡ്വ. വി.കെ. ജ്യോതി പ്രകാശ്, കെ.എം. കിഷോർകുമാർ, എ.എസ്. ദിനകരൻ, ടി.ടി. ശിവദാസ്, രഘു മാരാത്ത്, കെ.വി. രാജേഷ് എന്നിവർ സംസാരിച്ചു.
Tags : March to Suresh Gopis office Nattuvishesham DistrictNews