കാസര്‍ഗോഡ്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് എല്‍ഡിഎഫിനെതിരെയുള്ള വിധി എഴുത്താവുമെന്നും യുഡിഎഫ് ചരിത്രവിജയം നേടുമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കാസര്‍ഗോഡ് പ്രസ് ക്ലബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫ് അധികാരത്തില്‍ വന്നശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും യുഡിഎഫ് ചരിത്രവിജയമാണ് നേടിയത്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിപിഎം നേത്യത്വത്തിന്റെ പങ്ക് വ്യക്തമാണ്. കൊലയാളികളെയും കള്ളന്മാരെയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പൊതുഖജനാവ് ധൂര്‍ത്തടിക്കുന്നു ശബരിമല സ്വര്‍ണക്കൊള്ളയില്‍ പത്മകുമാറിനെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്.
കാര്‍ഷികമേഖല തകര്‍ന്നടിഞ്ഞു. വന്യമൃഗശല്യത്തില്‍ അനവധി മനുഷ്യജീവനുകള്‍ പൊലിഞ്ഞു. കൃഷിനാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നില്ല. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നിന്നുള്ള നിയമനങ്ങള്‍ പാര്‍ട്ടിക്കാര്‍ക്ക് മാത്രമാണ്. ആരോഗ്യമേഖലയെ തകര്‍ത്തു.
കാസര്‍ഗോഡ് മെഡിക്കല്‍ കോളജിനെ നോക്കുകുത്തിയാക്കി. തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം വെട്ടിച്ചുരുക്കി വികസനം മുരടിപ്പിച്ചു. അക്രമ രാഷ്ട്രീയത്തെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നു. പോലീസിനുനേരെ ബോംബെറിഞ്ഞ കേസില്‍ കോടതി 20 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചയാളെയാണ് പയ്യന്നൂര്‍ നഗരസഭയില്‍ സിപിഎം സ്ഥാനാര്‍ഥിയാക്കിയത്. ഇത് സമാധാനം ആഗ്രഹിക്കുന്നവരെ അസ്വസ്ഥരാക്കുന്നു.
നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് പി.വി. അന്‍വര്‍ യുഡിഎഫിന്റെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്മോഹന്‍ ഉണ്ണിത്താന് എംപി, ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ എന്നിവരും പങ്കെടുത്തു.