കാസർഗോഡ്: കാറഡുക്കയിൽ ബോക്സൈറ്റ് ഖനനം തുടങ്ങാനുള്ള നീക്കത്തിനെതിരേ നാട്ടുകാർ സമരരംഗത്തേക്ക്. ആദ്യഘട്ടമായി മേയ് ഒന്നിന് വൈകുന്നേരം അഞ്ചിന് കാറഡുക്ക പതിമൂന്നാംമൈലിൽ സമരസമിതി രൂപവത്കരണയോഗവും ആറിനു നിർദിഷ്ട ഖനനമേഖലയ്ക്കു ചുറ്റും മനുഷ്യമതിലും സംഘടിപ്പിക്കാനാണ് തീരുമാനം.
ഇവിടെ ഖനനം നടത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ സിപിഎം കാടകം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ച് നടത്തിയിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് ഖനനത്തിനായുള്ള സർവേയും തുടർനടപടികളും നടന്നത്. പിന്നീട് തെരഞ്ഞെടുപ്പുകാലമായതോടെ സിപിഎം ഖനനത്തിനെതിരായി പരസ്യനിലപാട് സ്വീകരിച്ച് സമരരംഗത്തിറങ്ങുകയായിരുന്നു.
ഇപ്പോൾ എല്ലാ രാഷ്ട്രീയകക്ഷികളുടെയും സഹകരണത്തോടെ സമരം തുടങ്ങാനാണ് നിർദിഷ്ട സമരസമിതിയുടെ നീക്കം.
കാറഡുക്ക പഞ്ചായത്തിലെ കൊട്ടംകുഴി, കുണ്ടടുക്കം, നാർളം, ചായിത്തലം, കർമംതൊടി, പാണൂർ, ബാളക്കണ്ടം പ്രദേശങ്ങളുൾപ്പെടുന്ന മേഖലയിലാണ് ഖനനത്തിനായി നീക്കം നടക്കുന്നത്. വനമേഖലയിൽ ഖനനം നടത്താനുള്ള നീക്കം വനംവകുപ്പിന്റെ എതിർപ്പുമൂലം നടക്കാനിടയില്ലെന്ന പ്രതീക്ഷയാണ് ആദ്യഘട്ടത്തിൽ നാട്ടുകാർക്കുണ്ടായിരുന്നത്.
എന്നാൽ മലയോര ഹൈവേയ്ക്കു വേണ്ടി ഏതാനും ഹെക്ടർ വനഭൂമി വിട്ടുനൽകുന്ന കാര്യത്തിൽ വർഷങ്ങൾ കഴിഞ്ഞിട്ടും തടസവാദങ്ങൾ ഉന്നയിക്കുന്ന വനംവകുപ്പ് സർക്കാരിന് ശതകോടികൾ ലഭിക്കുന്ന ഖനനത്തിന്റെ കാര്യം വന്നപ്പോൾ മലക്കംമറിയുന്നതാണ് കണ്ടത്. വനഭൂമിയുമായി ബന്ധപ്പെട്ട നിയമ വ്യവസ്ഥകളിൽ ഇളവുവരുത്തി എത്രയും പെട്ടെന്ന് ഖനനം തുടങ്ങാനുള്ള നടപടിക്രമങ്ങളിലേക്ക് കടന്നതോടെയാണ് നാട്ടുകാർ സമരരംഗത്തിറങ്ങാൻ തീരുമാനിച്ചത്.
നാട്ടുകാരുടെ ആശങ്കകളൊന്നും മുഖവിലയ്ക്കെടുക്കാതെയാണ് ഖനനം തുടങ്ങാനായി ടെൻഡർ വിളിക്കാനുള്ള തീരുമാനമുണ്ടായതെന്ന് ഇവർ പറയുന്നു. സർവേയും ഖനനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തദ്ദേശസ്ഥാപനങ്ങളെയോ ജനപ്രതിനിധികളെയോ പോലും കൃത്യമായി അറിയിച്ചിട്ടില്ല.
വനമേഖലയിലായാലും ഖനനം തുടങ്ങുന്നത് തൊട്ടടുത്ത ജനവാസമേഖലകളിലെ സാധാരണ ജീവിതത്തെ ഗുരുതരമായ തരത്തിൽ ബാധിക്കുമെന്നാണ് ഇവരുടെ ആശങ്ക. കിലോമീറ്ററുകളോളം വിസ്തൃതിയിൽ മേൽമണ്ണ് മാറ്റുന്നതോടെ സമീപപ്രദേശങ്ങളിൽ ജലക്ഷാമവും ജലമലിനീകരണവും രൂക്ഷമാകുമെന്ന് ഇവർ ഭയക്കുന്നു. ഇത്രയും സ്ഥലത്ത് വനഭൂമി തീർത്തും ഇല്ലാതാകുന്നതോടെ മൃഗങ്ങൾ കൂടുതലായി നാട്ടിലിറങ്ങാനും സാധ്യതുണ്ട്. ഖനനം മൂലമുണ്ടാകുന്ന പൊടിപടലങ്ങളും ശബ്ദവും സമീപപ്രദേശങ്ങളിലെ ജനജീവിതത്തെ ബാധിക്കുമെന്നും ആശങ്കയുണ്ട്.
Tags : Karadukka nattuvishesham local news