ടി. ഫാത്തിമ ജിന്‍ഷ, പി. ഫാത്തിമ റിന്‍ഷ എന്നിവര്‍.
പുഴക്കാട്ടിരി: ദേശീയ സ്കൂള്‍ ഗെയിംസ് ഹോക്കിയില്‍ പങ്കെടുക്കുന്ന കേരള ടീമില്‍ ഇടം നേടി കടുങ്ങപുരം ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനികളായ ടി. ഫാത്തിമ ജിന്‍ഷയും പി. ഫാത്തിമ റിന്‍ഷയും. തിരുവനന്തപുരം ജി.വി. രാജ സ്പോര്‍ട്സ് സ്കൂളില്‍ നടന്ന സംസ്ഥാന സ്കൂള്‍ ജൂനിയര്‍ ഹോക്കി ടൂര്‍ണമെന്റില്‍ പങ്കെടുത്ത 200-ഓളം കായികതാരങ്ങളില്‍ നിന്നാണ് 18 അംഗ സംസ്ഥാന ടീമിലേക്ക് ഇരുവര്‍ക്കും സെലക്ഷന് ലഭിച്ചത്.
ടൂര്‍ണമെന്റില്‍ വെങ്കല മെഡല്‍ നേടിയ മലപ്പുറം ജില്ലയ്ക്കായി ഫോര്‍വേഡ് സ്ഥാനത്ത് മികച്ച പ്രകടനം കാഴ്ചവെച്ച ജിന്‍ഷ, മത്സരത്തിലുടനീളം ഗോളുകള്‍ സ്കോര്‍ ചെയ്താണ് ശ്രദ്ധേയയായത്. കടുങ്ങപുരം തായാട്ട് മുഹമ്മദലി - സഫിയ ദമ്പതികളുടെ മകളാണ് ജിന്‍ഷ. മധ്യപ്രദേശ്, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നടന്ന ദേശീയ സബ് ജൂനിയര്‍, ജൂനിയര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുത്ത ജിന്‍ഷ ഇത് മൂന്നാം തവണയാണ് കേരള ജേഴ്സിയണിയുന്നത്.
മധ്യനിരയിലെ കരുത്തുറ്റ പ്രകടനമാണ് റിന്‍ഷയ്ക്ക് ടീമില്‍ ഇടം നല്‍കിയത്. പാലക്കത്തൊടി ലിയാഖത്തലി - റജീന ദമ്പതികളുടെ മകളാണ് റിന്‍ഷ. മധ്യപ്രദേശില്‍ നടന്ന ദേശീയ സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത റിന്‍ഷയ്ക്ക് ഇത് രണ്ടാം ദേശീയ മത്സരമാണ്.
കഴിഞ്ഞ നാല് വര്‍ഷമായി സംസ്ഥാന സ്കൂള്‍ ഗെയിംസിലും കേരള ഹോക്കി ചാമ്പ്യന്‍ഷിപ്പുകളിലും ഇരുവരും സജീവമാണ്. മങ്കട ഉപജില്ലാ ഗെയിംസ് ഓവറോള്‍ ചാമ്പ്യന്മാരായ കടുങ്ങപുരം സ്കൂളിലെ ഖൊ-ഖൊ, ഹോക്കി, ഹാന്‍ഡ്ബോള്‍, അത്ലറ്റിക്സ് ടീമുകളിലും ഇരുവരും അംഗങ്ങളാണ്.
ജില്ലയില്‍ സുരക്ഷിതമായ ഹോക്കി കളിക്കളങ്ങളോ ശാസ്ത്രീയ പരിശീലനത്തിന് ആവശ്യമായ ഉപകരണങ്ങളോ ഇല്ലാതിരുന്നിട്ടും പരിമിതികളെ അതിജീവിച്ചാണ് ഇവര്‍ ഈ നേട്ടം കൈവരിച്ചത്. മികച്ച സൗകര്യങ്ങള്‍ ലഭിച്ചാല്‍ കൂടുതല്‍ പ്രതിഭകളെ വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്ന് പരിശീലകരായ വി. സജാത് സാഹിര്‍, മുഹമ്മദ് ഷഫീഖ് എന്നിവര്‍ പറഞ്ഞു. ഡിസംബര്‍ 20 മുതല്‍ ഒഡീഷയില്‍ ആരംഭിക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പിനുള്ള തയ്യാറെടുപ്പിലാണ് ഈ മിടുക്കികള്‍.
Tags : Hockey NattuVishasham DistrictNews