രാജൗൾ
ചെങ്ങന്നൂർ: റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ ക്ലോക്ക് റൂമിന് മുന്നിൽ നടത്തിയ മിന്നൽ പരിശോധനയിൽ ആറു കിലോയിലധികം കഞ്ചാവുമായി ഒരാൾ എക്സൈസിന്റെയും റെയിൽവേ സംരക്ഷണ സേനയുടെയും സംയുക്ത സംഘത്തിന്റെ പിടിയിലായി.
കർണാടക ബംഗളൂരു അർബൻ ജില്ലയിൽ ചിക്കബനഹള്ളി വില്ലേജിൽ സീഗഹള്ളി ഹൗസ് നമ്പർ 203ൽ രാജൗളാണ് അറസ്റ്റിലായത്. ഇയാളിൽനിന്ന് 6.010 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ചെങ്ങന്നൂർ എക്സൈസ് റേഞ്ച് പാർട്ടിയും ആർപിഎഫും ആലപ്പുഴ എക്സൈസ് ഇന്റലിജൻസും ചേർന്ന് കഴിഞ്ഞ ദിവസം രാത്രി 11ഓടെയാണ് റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തിയത്.
വില്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന ലഹരിമരുന്നാണ് പിടികൂടിയത്. ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി. സജീവിന്റെ നേതൃത്വത്തിൽ പ്രതിക്കെതിരേ എൻഡിപിഎസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
പരിശോധനാ സംഘത്തിൽ എക്സൈസ് അസി. ഇൻസ്പെക്ടർമാരായ ബിജു പ്രകാശ്, ജോജൻ ജോൺ, പ്രിവന്റീവ് ഓഫീസർ പി.ആർ. ബിനോയ്, ഷാജഹാൻ, സിവിൽ എക്സൈസ് ഓഫീസർമാരായ അമൽ, പ്രവീൺ, ബബിത, രാജ്, ആശ, എക്സൈസ് ഐബി ഇൻസ്പെക്ടർ അബ്ദുൽ വഹാബ്, ആർപിഎഫ്. ക്രൈം ഇന്റലിജൻസ് ഇൻസ്പെക്ടർ എ.ജെ. ജിബിൻ, എസ്ഐമാരായ പ്രൈസ് മാത്യു ചരിത്ര, എഎസ്ഐ വിജയകുമാർ, ഹെഡ് കോൺസ്റ്റബിൾ വിപിൻ എന്നിവരുമുണ്ടായിരുന്നു.