മംഗലംഡാം- പറശേരി റോഡിൽ കൂട്ടിയിട്ടിരിക്കുന്ന പൈപ്പുകൾ.
മംഗലംഡാം: മംഗലംഡാം റിസർവോയറിലെ മണ്ണും മണലും നീക്കംചെയ്യൽ പദ്ധതി പാതിവഴിയിൽ നിന്നതിനെതുടർന്ന് ജില്ലയിലെതന്നെ ഏറ്റവും വലിയ കുടിവെള്ള പദ്ധതികളിലൊന്നായ മംഗലംഡാം സമഗ്ര കുടിവെള്ള പദ്ധതിയുടെ പ്രവർത്തനങ്ങളും പൂർണമായും നിലച്ചു.
പഞ്ചായത്തുകളിലെല്ലാം കുഴിച്ചിട്ട പൈപ്പുകളുടെ ചൂടുകൂടി സഹിക്കേണ്ട ഗതിക്കേടിലാണ് ഇപ്പോൾ ജനങ്ങൾ. പാതയോരങ്ങളിൽ കൂട്ടിയിട്ടിട്ടുള്ള വലിയ പൈപ്പുകളും പൊള്ളിക്കുന്നുണ്ട്.
വീട്ടുമുറ്റങ്ങളിൽ വരെ പദ്ധതിയുടെ ടാപ്പ് സ്ഥാപിക്കൽ വർഷങ്ങൾക്കുമുമ്പ് നടന്നതല്ലാതെ മറ്റൊന്നും സംഭവിച്ചിട്ടില്ല.
വെള്ളത്തിന്റെ ഉറവിടം കണ്ടെത്താതെയായിരുന്നു കോടികളുടെ ദുർവ്യയങ്ങൾ. ഡാമിലെ ജലസംഭരണം കൂട്ടാൻ ലക്ഷ്യംവച്ച് 2020 ഡിസംബറിൽ സംസ്ഥാനത്തുതന്നെ ആദ്യ പൈലറ്റ് പദ്ധതിയായി മണ്ണെടുപ്പ് തുടങ്ങി.
മൂന്നുവർഷത്തിനകം പദ്ധതി പൂർത്തികരിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ പ്രവൃത്തി തുടങ്ങി അധികകാലം നീണ്ടുനിന്നില്ല. അതിനുമുന്നേ പ്രശ്നങ്ങൾ തലപൊക്കി എല്ലാം നിശ്ചലമായി.
റീടെൻഡറിലൂടെ മണ്ണെടുക്കൽ പുനരാരംഭിക്കുമെന്നു തെരഞ്ഞെടുപ്പുകൾ വരുമ്പോൾ പറയുന്നതല്ലാതെ മറ്റൊന്നും സംഭവസ്ഥലത്തു നടക്കുന്നില്ല. കൂടുതൽ ജലസംഭരണത്തിലൂടെ മാത്രമേ കുടിവെള്ള പദ്ധതിക്ക് വെള്ളമുണ്ടാകൂ.
അതല്ലെങ്കിൽ രണ്ടാം വിള നെൽകൃഷിക്കുള്ള ജലവിതരണത്തോടെ ഡാം വറ്റുന്ന സ്ഥിതിയാകും. 2018 ജൂലൈയിൽ നിർമാണോദ്ഘാടനം കഴിഞ്ഞ കുടിവെള്ള പദ്ധതിയുടെ പൈപ്പിടലും പ്രധാന ടാങ്ക് നിർമാണവും പൂർത്തിയായി വർഷങ്ങൾ പിന്നിട്ടു.
മംഗലംഡാം ഉൾപ്പെടുന്ന വണ്ടാഴി പഞ്ചായത്ത് സമീപ പഞ്ചായത്തുകളായ കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര എന്നീ നാലു പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാനുള്ളതാണ് പദ്ധതി.
95 കോടി രൂപയാണ് പദ്ധതിക്കായി കണക്കാക്കിയിരുന്നത്. എന്നാൽ പണികൾ പൂർത്തിയാകുമ്പോൾ തുക 140 കോടി രൂപയിലെത്തുമെന്നു പറയുന്നു. മംഗലംഡാം റിസർവോയറാണ് പദ്ധതിയുടെ ജല സ്രോതസ്. മഴക്കാലത്ത് ഷട്ടറുകൾ തുറന്ന് പുഴയിലേക്ക് ഒഴുക്കി വെള്ളം പാഴാക്കുന്നത് തടയാനായാൽതന്നെ പദ്ധതി വിജയകരമാകും.
ഇതിനു ഡാമിന്റെ സംഭരണശേഷി പൂർവകാല സ്ഥിതിയിലാക്കണം. സംഭരണശേഷി കൂട്ടാതെ കുടിവെള്ള പദ്ധതി വിജയിക്കില്ല.
പുതിയ എംഎൽഎ ഇതിനെല്ലാം താത്പര്യമെടുത്താൽ മാത്രമേ പദ്ധതി ലക്ഷ്യത്തിലെത്തിക്കാനാകൂ.
Tags : Mangalam Dam nattuvishesham local news