കൊടുവായൂർ: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കൊടുവായൂർ മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളജിന്റെ ആഭിമുഖ്യത്തിൽ സ്ത്രീസുരക്ഷയ്ക്ക് ഒരുമ എന്ന പ്രമേയത്തിൽ റാലിയും ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു.
കൊടുവായൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുരുകദാസ് റാലി ഫ്ലാഗ് ഓഫ് ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ പ്രീമയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജിത ഉദ്ഘാടനം ചെയ്തു.
വാർഡ് മെംബർ ശൈലജ ചടങ്ങിൽ വിശിഷ്ടാതിഥിയായി. റാലിയുടെ ഭാഗമായി വിദ്യാർഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ഭാരതത്തിന്റെ അഭിമാനമായി മാറിയ പ്രശസ്ത വനിതകളെ പ്രതിനിധീകരിക്കുന്ന വേഷപ്പകർച്ചകളും, സ്ത്രീശക്തിയും മഹത്വവും വിളിച്ചോതുന്ന പ്ലക്കാർഡുകളും റാലിക്ക് മാറ്റുകൂട്ടി. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും സുരക്ഷയെക്കുറിച്ചുമുള്ള സന്ദേശങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു പ്രദർശിപ്പിക്കപ്പെട്ട പ്ലക്കാർഡുകൾ. കോളജിലെ മുഴുവൻ വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും റാലിയിൽ അണിനിരന്നു.
Tags : nattu vishesham Marian College women's safety