തകര്‍ന്നു കിടക്കുന്ന ഇഎസ്ഐ റോഡ്.
എഴുകോണ്‍ : ഇഎസ്ഐ ആശുപത്രി റോഡില്‍ ഒരു കിലോമീറ്റര്‍ ദൂരം ടാറിടാത്തതിനാല് യാത്രക്കാര്‍ ബുദ്ധിമുട്ടുന്നു. പ്രധാനപ്പെട്ട ആതുരാലയമാണ് എഴുകോണ്‍ ഇഎസ്ഐ ആശുപത്രി.
നിര്‍ദിഷ്ട പൊലിസ് സ്റ്റേഷന്, ജെടിഎസ്, ശ്രീശ്രീ ഇന്റര്‍നാഷണല്‍ സ്കൂള്‍, ഗവ. ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, എഴുകോണ്‍ ലോക്കല്‍ ഓഫിസ്, എഴുകോണ്‍ ജംഗ്ഷനിലേക്കുള്ള പാരലല്‍ റോഡ്, നെടുമണ്ങ്കാവ് റോഡിലേക്കുള്ള കണക്ഷന് റോഡ് തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് ഇതുവഴിയാണ് പോകുന്നത്.
തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെ 17 ഡിസ്പെന്‍സറികളില്‍ നിന്നുള്ള ആയിരത്തില്‍പരം രോഗികളാണ് ദിവസവും ഇവിടെ എത്തുന്നത്. 12 സ്പെഷാലിറ്റി വിഭാഗത്തിലായി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 250 ല്‍പരം സ്ഥിര ജീവനക്കാരും നൂറില്‍പരം താത്കാലിക ജീവനക്കാരും ആശുപത്രിയില്‍ ജോലി ചെയ്യുന്നു.
കെ.എന്‍. ബാലഗോപാല്‍ മന്ത്രിയായിരുന്നപ്പോള്‍ നാലരക്കോടി ചെലവാക്കി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് തീര്‍ഥാടന പള്ളി മുതല്‍ ഇഎസ്ഐയുടെ സമീപം വരെ നിര്‍മാണം നടത്തി. ഒരു കിലോമീറ്റര്‍ ദൂരം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.
റെയില്‍വേയുടെ അനുമതി ലഭിക്കാത്തതിനാല്‍ റോഡ് പണി പൂര്‍ത്തിയാക്കാന്‍ ബുദ്ധിമുട്ടാണെന്നും ഇനി റെയില്‍വേയുടെ അനുമതി ലഭിച്ചാലും ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് എംഎല്‍എ ഫണ്ട് ലഭ്യമാക്കിയില്ലെങ്കില്‍ പണി നടക്കില്ലെന്ന് കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.
എന്നാല്‍ ടാറിംഗ് നടത്താനോ അറ്റകുറ്റപ്പണിക്കോ ആരും അനുമതിക്ക് ആവശ്യപ്പെട്ടില്ലെന്നാണ് റെയില്‍വേ അധികാരികള്‍ പറയുന്നത്. ആവശ്യപ്പെട്ടാല്‍ എല്ലാ സഹായവും ചെയ്തു കൊടുക്കാമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറയുന്നു.
ആംബുലന്‍സ് എങ്കിലും സൗകര്യത്തോടെ കടന്നു പോകാനുള്ള ക്രമീകരണം ചെയ്യണമെന്നാണ് ജനങ്ങളുടെ ആവശ്യം. അധികാരികളുടെ ഇടപെട്ടില്ലെങ്കില്‍ ജനകീയ പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ് നാട്ടുകാര്‍.
Tags :