കൊല്ലം: തുലാവര്‍ഷം ശക്തമായതോടെ ജില്ലയിലെ കൃഷിയിടങ്ങളിലും വീട്ടുമുറ്റങ്ങളിലും ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യം രൂക്ഷമായി.
എഴുകോണ്‍, ശാസ്താംകോട്ട, ഭരണിക്കാവ് , കോര്പറേഷന് പരിധിയില്‍ കളക്ടറേറ്റ്, കച്ചേരി, കന്റോണ്‍മെന്റ്, തുടങ്ങിയ പ്രദേശങ്ങളിലും മലയോര മേഖലയില്‍ ചിലയിടങ്ങളിലും ആഫ്രിക്കന്‍ ഒച്ച് വലിയ ശല്യമായി മാറിയിരിക്കുകയാണ്. മഴയും ഈര്‍പ്പമുള്ള അന്തരീക്ഷവും ഇവയ്ക്ക് വളരാന്‍ ഏറ്റവും അനുകൂലമായ സാഹചര്യം ഒരുക്കുകയാണ്.
ആഫ്രിക്കന്‍ ഒച്ചുകള്‍ പച്ചക്കറികളും വാഴയും അടക്കമുള്ള കൃഷികള്‍ തിന്നുതീര്‍ക്കുന്നു. പെറ്റു പെരുകുന്നതോടെ വീടുകള്‍ക്കുള്ളിലേക്കും കടന്നെത്തുന്നു. ചിലയിടത്ത് കിണറുകളിലും ഇറങ്ങുന്നു. മതില്, വീടിന്റെ ചുമര് എന്നിവിടങ്ങളിലാണ് വളരുന്നത്.
കൃഷിനാശം
സന്ധ്യകഴിയുമ്പോഴാണ് ഒച്ചുകള്‍ കൂട്ടമായിറങ്ങുന്നത്. പച്ചക്കറികളില്‍ കയറി നീരൂറ്റി നശിപ്പിക്കുന്നു. വാഴകളുടെ തടയില്‍ പറ്റിപ്പിടിച്ചിരുന്ന് മുട്ടയിട്ട് പെറ്റുപെരുകുന്നു. നീരൂറ്റി കുടിച്ച് വാഴയെ നശിപ്പിക്കുന്നു.
രോഗകാരിയാകും
ഒച്ചുകളില്‍ മെനിഞ്ചൈറ്റിസ്-എ രോഗത്തിന് കാരണമാകുന്ന പരാദവിരകള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ മനുഷ്യരുടെ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണ്.
പ്രതികൂല കാലാവസ്ഥയില്‍പ്പോലും മൂന്നുവര്‍ഷംവരെ തോടുകള്‍ക്കുള്ളില്‍ സുരക്ഷിതരായി കഴിയാന്‍ സാധിക്കും. നനവുള്ളതും ജൈവാംശം കൂടുതലുള്ളതുമായ തണല്‍ പ്രദേശങ്ങളിലാണ് ഒച്ചുകള്‍ കൂട്ടത്തോടെ ഉണ്ടാകുന്നത്.
ആഫ്രിക്കയില്‍ നിന്നെത്തുന്ന ഒച്ച്
ഭൂഖണ്ഡങ്ങള്‍ താണ്ടിയെത്തിയ അധിനിവേശ ജീവിയാണ് ഒച്ച്. ബ്രിട്ടീഷുകാരുടെ കാലത്ത് ആഫ്രിക്കയില്‍ നിന്ന് കപ്പലില്‍ തടി കൊണ്ടുവന്നപ്പോള്‍ മുതല്‍ എത്തി തുടങ്ങി.
ആഫ്രിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന തടിവഴിയാണ് ആഫ്രിക്കന്‍ ഒച്ച് ഇപ്പോള്‍ കേരളത്തില്‍ പല പ്രദേശങ്ങളും കീഴടക്കുന്നത്.
ആഫ്രിക്കയില്‍ നിന്ന് കൊളംബോ തുറമുഖത്തിലാണ് മദര്‍ഷിപ്പുകളില്‍ തടി ഇറക്കുന്നത്.
കൊളംബോ തുറമുഖത്തു നിന്ന് തൂത്തുക്കുടി തുറമുഖത്ത് തടിയിറക്കുന്നു.
അവിടുന്ന് മലേഷ്യന്‍ തടിയെന്ന പേരിലാണ് സംസ്ഥാനത്തെ വിവിധ മില്ലുകളില്‍ തടിയെത്തുന്നത്.
അതുവഴിയാണ് ആഫ്രിക്കന്‍ ഒച്ച് കൃഷിയിടങ്ങളിലേക്ക് എത്തിച്ചേരുന്നത്. ഒരു ഒച്ച് ഒരു വര്‍ഷം 1000ല്‍ അധികം മുട്ട ഇടും. 10 മുതല്‍ 15 സെന്റിമീറ്റര്‍ വലിപ്പത്തില്‍ വളരും.
ഭക്ഷ്യയോഗ്യമല്ല
മനുഷ്യരില്‍ ഇസിനോഫിലിക് മെനിഞ്ചൈറ്റിസ് എന്ന രോഗം ഉണ്ടാക്കുന്ന എലികളുടെ ശ്വാസ കോശങ്ങളില്‍ ജീവിക്കുന്ന വിരകളുടെ ഇടക്കാല അതിഥി ആഫ്രിക്കന്‍ ഒച്ചുകളാണ്. അതിനാല്‍ അവയെ ഭക്ഷിക്കാന്‍ പാടില്ല.
ആരോഗ്യപ്രശ്നങ്ങള്‍
ഒച്ച് ഇരുന്ന പച്ചക്കറി നന്നായി കഴുകാതെ പച്ചയ്ക്ക് കഴിച്ചാല്‍ തലച്ചോറില്‍ അണുബാധ സാധ്യത കൂടുതലാണ്.
അതിനാല്‍ ഒച്ചു കയറിയ ഇടങ്ങളിലെ പച്ചക്കറികള്‍ ഉപ്പുവെള്ളത്തില്‍ 10 മിനിട്ട് സൂക്ഷിച്ചശേഷം കഴുകി ഉപയോഗിക്കുക. ഇവ 300ല്‍ അധികം ഇനം ചെടികള്‍ തിന്ന് നശിപ്പിക്കും.
ചുമര് നശിപ്പിക്കും
വീടിന്റെ ചുമരിലെ പെയിന്റ് വരെ തിന്നും. കാത്സ്യത്തിന് വേണ്ടിയാണ് പെയിന്റും കുമ്മായവും തിന്നുന്നത്.
Tags :