പനയം ഗ്രാമപഞ്ചായത്തില്‍ 'വിധവകള്‍ക്ക് ഒരു കൈത്താങ്ങ്' പദ്ധതി മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു.
കൊല്ലം : പനയം ഗ്രാമപഞ്ചായത്തില്‍ വിധവകള്‍ക്ക് സ്വയംതൊഴിലിലൂടെ വരുമാനം കണ്ടെത്തുന്നതിനും സാമ്പത്തിക സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിനുമായി സംസ്ഥാന പൗള്‍ട്രി വികസന കോര്‍പറേഷന്റെ (കെപ്കോ) സഹകരണത്തോടെ നടപ്പാക്കുന്ന ‘വിധവകള്‍ക്ക് ഒരു കൈത്താങ്ങ്' പദ്ധതിക്ക് തുടക്കമായി.
പനയം പഞ്ചായത്തില്‍ നടന്ന ചടങ്ങ് മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വിനിത വിജയന് അധ്യക്ഷത വഹിച്ചു.
വിധവകള്‍ക്ക് അധിക വരുമാനം കണ്ടെത്തുന്നതിനുള്ള അവസരമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. നാടിന്റെ വികസനത്തിനായി കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കെപ്കോയുടെ ആശ്രയ പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കള്‍ക്ക് 10 മുട്ടക്കോഴികള്‍, മൂന്ന് കിലോഗ്രാം കോഴിത്തീറ്റ, മരുന്നുകള്‍ എന്നിവ സൗജന്യമായി നല്‍കും. പഞ്ചായത്ത്, ഐസിഡിഎസ് സംവിധാനങ്ങള്‍ വഴിയാണ് ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. പനയംപഞ്ചായത്തില് 1,252 ഗുണഭോക്താക്കള്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഒരാള്‍ക്ക് 1,700 രൂപയുടെ ആനുകൂല്യം ലഭിക്കുന്ന പദ്ധതിയിലൂടെ പഞ്ചായത്തില്‍ ആകെ 21 ലക്ഷത്തിലധികം രൂപയുടെ സഹായമാണ് വിതരണം ചെയ്യുന്നത്.
കെപ്കോ മാനേജിംഗ് ഡയറക്ടര്‍ കെ.എന്‍ നൗഷാദലി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലാകുമാരി, ജനപ്രതിനിധികള്‍, കെപ്കോ ഭാരവാഹികള്‍, രാഷ്്ട്രീയ സാമൂഹിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags :