പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കോവളത്തെ സ്പായിൽ ലൈംഗികമായി ചൂഷണം ചെയ്തെന്ന കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കുന്നു. കേസിൽ റിമാൻഡിലുള്ള ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടറുടെ സുഹൃത്തായ വനിതാ ഉദ്യോഗസ്ഥയുടെ പങ്കും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
ഇവരെക്കുറിച്ച് നേരത്തെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നതായാണ് വിവരം. അതേസമയം അതിജീവിതയ്ക്ക് മാനസിക പിന്തുണ ഉറപ്പാക്കുന്നതിനും കൗൺസലിംഗ് ലഭ്യമാക്കുന്നതിനുമായി അന്വേഷണസംഘം അപേക്ഷ നൽകിയിട്ടുണ്ട്. അതിജീവിതയുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്നതിനായി വിക്ടിം സപ്പോർട്ട് ഓഫീസറായി ഒരു വനിതാ പൊലിസ് ഉദ്യോഗസ്ഥയെ പ്രത്യേക അന്വേഷണസംഘത്തിൽ ഉൾപ്പെടുത്തും.
റിമാൻഡിലുള്ള പ്രതികളെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി പൊലിസ് കോടതിയിൽ അപേക്ഷ സമർപ്പിക്കും. അന്വേഷണത്തിന്റെ രണ്ടാംഘട്ടത്തിൽ സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് നീക്കം. സ്പാ ഉടമകളായ സജിത് കുമാർ (47), നിഷാന്ത് (46), അതിജീവിതയുടെ ഇളയമ്മയും ഭർത്താവും, ഉള്ളൂർ സോണൽ ഓഫീസിലെ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് (47) എന്നിവരാണ് നിലവിൽ റിമാൻഡിലുള്ളത്.
Tags :